സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടിയ ശ്രീനാഥിനെ ആദരിച്ചു

sreenath

കല്‍പ്പറ്റ: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ കേരള ടീം ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ച കല്‍പ്പറ്റ മണിയങ്കോട് മാനിവയല്‍ കോളനിയിലെ ശ്രീനാഥിനെ കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അഭിനന്ദിക്കുകയും, സ്പോര്‍ട്സ് കിറ്റ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ആരാധകനായ എം.എല്‍.എ യുടെ ടീമും ബ്രസീല്‍ ടീമിലെ നെയ്മര്‍ ആരാധകനായ ശ്രീനാഥിന്റെ ടീമും തമ്മില്‍ മത്സരം നടന്നു. മത്സരത്തിന്റെ ആദ്യ പത്ത് മിനിട്ടിനുള്ളില്‍ എം.എല്‍.എ യുടെ ബൂട്ടില്‍ നിന്നും ആദ്യത്തെ ഗോള്‍ ബ്രസീലിന്റെ ഗോള്‍വല കുലുക്കി. മികച്ച മത്സരമാണ് നടന്നത്. മത്സരത്തിന്റെ അവസാനത്തില്‍ ശ്രീനാഥ് അര്‍ജന്റീനയുടെ ഗോള്‍ വലയും കുലുക്കി. 

പക്ഷെ മൂന്നിനെതിരെ ബ്രസീലിന് കേവലം ഒരു ഗോളാണ് തിരിച്ചടിക്കാനായത്. നാട്ടിലെങ്ങും ലോകകപ്പിന്റെ ലഹരിയിലാണ്. ആവേശത്തില്‍ ഒരു മടങ്ങ് മേല്‍ കൈ അര്‍ജന്റീനക്കാണെന്ന് അര്‍ജന്റീന ആരാധകന്‍ കൂടിയായ എം.എല്‍.എ പറഞ്ഞു. മണിയങ്കോട് സ്വദേശിയായ ശ്രീനാഥിന്റെ അച്ഛന്‍ ചന്ദ്രനും, അമ്മ സീതയും, സഹോദരി നിത്യ വിദ്യാര്‍ത്ഥിയുമാണ്. 

സാധാരണ കുടുംബത്തില്‍ നിന്നും മികച്ച കളി കാഴ്ച വെച്ച് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീനാഥിന് വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു.  ആദരിക്കുന്ന ചടങ്ങില്‍ ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, ഡിന്റോ ജോസഫ്, ഗൗതം ഗോകുല്‍ദാസ്, അഷ്റഫ് ഹില്‍ത്, ഷെമീര്‍ വൈത്തിരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this story