സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസ്: പ്രവീണ്‍ റാണ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

FGF

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ കമ്പനി ഉടമ പ്രവീണ്‍ റാണ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പോലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ കൊച്ചി യിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിലുണ്ടായിരുന്ന പ്രവീണ്‍റാണ മറ്റൊരു ലിഫ്റ്റു വഴി രക്ഷപ്പെട്ടതിനെ കുറിച്ച് സിറ്റി പോലീസ് അന്വേഷിക്കും. സംഭവം പോലീസിനു നാണക്കേടായെന്ന് വിലയിരുത്തിയാണ് അന്വേഷണം. ഫ്‌ളാറ്റില്‍ രണ്ടു പോലീസുകാര്‍ ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോകുന്നതിനിടെ റാണ മറ്റൊരു ലിഫ്റ്റില്‍ താഴെക്കിറങ്ങുകയായിരുന്നു. ഇതിനിടെ ഒളിവില്‍ കഴിയുന്ന റാണയുടെ നാലുവാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്ത് ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കെത്തിച്ചു. അങ്കമാലി ഭാഗത്തേക്കാണ് റാണ കയറിയ വാഹനം പോയതെന്നു ഫ്‌ളാറ്റിലെ സിസിടി.വി. ദൃശ്യങ്ങളില്‍ കണ്ട് പരിശോധന വ്യാപകമാക്കിയെങ്കിലും കാര്യമുണ്ടായില്ല. ചാലക്കുടിയില്‍ റാണയുടെ ബി.എം.ഡബ്ലിയു. കാര്‍ തടഞ്ഞു പരിശോധിച്ചുവെങ്കിലും രക്ഷപ്പെട്ടിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണമെന്നിരിക്കേ  പ്രവീണ്‍ റാണയുടെ രക്ഷപ്പെടല്‍ അന്വേഷണസംഘത്തിന് വന്‍ തിരിച്ചടിയായി.
റാണയെ കലൂരില്‍ ഇറക്കിവിട്ടെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി. റാണയെ ഏതുനിമിഷവും പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. നിലവില്‍ 22 കേസുകളാണ് നിക്ഷേപത്തട്ടിപ്പുമായി റാണയ്‌ക്കെതിരേയുള്ളത്.

പോലീസിലെ ചിലരുടെ സൂചനകളുടെ അടിസ്ഥാനത്തിലാണ് റാണ രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷണമെത്തി നില്‍ക്കുന്നത് റാണയുടെ 'വിജിലന്‍സ് സംഘ'-ത്തിലേക്കാണ്. റിട്ട. പോലീസുകാരുള്‍പ്പെടെയാണ് ഈ സംഘത്തിനു ചുക്കാന്‍ പിടിക്കുന്നത്. സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ മണ്ണാര്‍ക്കാട് ഓഫീസിലും റെയ്ഡ് നടത്തി. കഴിഞ്ഞദിവസം പാലക്കാട്, ഒറ്റപ്പാലം ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു.

അതിശയിക്കുന്ന വേഗത്തില്‍ കച്ചവട സാമ്രാജ്യം വികസിപ്പിച്ച തട്ടിപ്പുകാരനാണ് പ്രവീണ്‍. 10 വര്‍ഷം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസിലേക്ക് ചുവടുമാറ്റിയത്. തൃശൂര്‍, പാലക്കാട് ജില്ലകളിലായി 20 ല്‍പരം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരുണ്ട്. ഹോട്ടല്‍ - ടൂറിസം മേഖലയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് ലക്ഷങ്ങള്‍ സ്വീകരിച്ചത്. നിധി കമ്പനിയിലെ നിക്ഷേപത്തിന് പലിശ 12 % ആണ്.
 
പ്രവീണ്‍ റാണയെന്ന കെ.പി. പ്രവീണ്‍ നാലുവര്‍ഷത്തിനകം 100 കോടിയിലധികം തട്ടിയെടുത്തെന്നാണ് നിഗമനം. വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞും നിക്ഷേപങ്ങള്‍ വരുത്തി. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 % പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. ഭൂരിഭാഗം നിക്ഷേപകരും 48 % പലിശ എന്ന വാഗ്ദാനത്തിലാണ് വീണത്.

ഫ്രാഞ്ചൈസിയില്‍ അംഗമാകാനുള്ള അവസരമെന്ന പേരില്‍ ലക്ഷങ്ങളാണ് നേടിയെടുത്തത്. തുടക്കത്തില്‍ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയില്‍ ഇടിച്ചുകയറി. ഇതേസമയം പൂനെയിലും കൊച്ചിയിലും ഡാന്‍സ് ബാറുകളും തുടങ്ങി. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളാണ് നല്‍കിയത്. റിട്ടയര്‍ ചെയ്ത പോലീസുകാരുടെ സേവനം മറയാക്കിയാണ് റാണ പ്രതിരോധവഴികള്‍ തീര്‍ത്തത്. എന്തു പരാതിയുണ്ടായാലും മുന്‍ പോലീസുകാര്‍ ഇടപെട്ട് അതു തീര്‍പ്പാക്കിയിരുന്നു. റാണയുടെ നീക്കങ്ങള്‍ക്ക് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ സല്യൂട്ടടിച്ചു.

Share this story