പൊന്‍മുടി ജലാശയത്തില്‍ 4.57 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

google news
sdfg

ഇടുക്കി :  പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്തു വര്‍ദ്ധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി പൊന്‍മുടി ജലാശയത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു.
4.57 ലക്ഷം കാര്‍പ് ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പൊന്‍മുടിയില്‍ 87 തൊഴിലാളികളാണ് മല്‍സ്യബന്ധനം ഉപജീവന മാര്‍ഗമായിട്ടുള്ളവര്‍. ഇവര്‍ക്ക് മീന്‍ പിടിക്കാനും വിറ്റഴിക്കാനും ഫിഷറീസ് വകുപ്പ്് കുട്ടവഞ്ചി, വല, ത്രാസ്സ് എന്നിവ നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മഴക്കാലത്ത് ഡാം തുറന്നു വിട്ടപ്പോള്‍ നൂറുകണക്കിന് വലിയ മല്‍സ്യങ്ങള്‍ ഒഴുകിപ്പോയിരുന്നു.

മല്‍സ്യവിത്തു നിക്ഷേപിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളായ സി ആര്‍ രാജു , കെ പി സുബീഷ്, ബെന്നി പാലക്കാട്, ഫിഷറീസ് അസിസ്റ്റന്റ് ഓഫീസര്‍ ബി നൗഷാദ്, ഫിഷറീസ് ഓഫീസര്‍ വി എ ധന്യ, കോ ഓര്‍ഡിനേറ്റര്‍ അന്‍സാര്‍ മുഹമ്മദ്, എന്യൂമറേറ്റര്‍ എ ആര്‍ ദേവിക, പ്രൊമോട്ടര്‍മാരായ ബേബിലാല്‍, കെ ജെ ജിസ്‌മോന്‍, പുലരി ഫിഷറീസ് കോ ഓപ്പറേറ്റീവ് സെക്രട്ടറി ഷാജി മാത്യു, പെരിയാര്‍ ഫിഷറീസ് കോ ഓപ്പറേറ്റീവ് പ്രസിഡന്റ് ഷാജു, ഫോറസ്റ്റ് ഓഫീസര്‍ ടോമി മാത്യു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രതീഷ് മോഹനന്‍, ഇ എസ് ഷൈജു എന്നിവരും പങ്കെടുത്തു.

Tags