ഖാദിത്തുണിയിൽ വിസ്മയമൊരുക്കി പയ്യന്നൂർ : ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാക

google news
payyannur


ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാക. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര സാക്ഷിയായ പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിലാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്രിവർണ പതാകകൾ ഒരുക്കുന്നത്.

‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി  13 മുതൽ 15വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ത്രിവർണ പതാക ഉയർത്തുന്നതിനുള്ള പതാകകളുടെ നിർമാണമാണ് പയ്യന്നൂർ ഖാദിയുടെ ഗാർമെന്റ് യൂണിറ്റിൽ   ആരംഭിച്ചത്.

ആദ്യഘട്ടം മൂവായിരം പതാക നിർമിക്കും.  ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്‌തെടുക്കുന്ന കോറത്തുണിയിലാണ് ദേശീയ പതാകകൾ ഒരുങ്ങുന്നത്. മൂന്ന് നിറങ്ങളിലുമുള്ള ആയിരം മീറ്റർ വീതം തുണി ഇതിനായി ഉപയോഗിക്കുന്നു. 90 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലുമുള്ള പതാകകളാണ് തയ്യാറാക്കുന്നത്.
ഖാദി രീതിയിൽ നിറം നൽകിയ  കുങ്കുമ, ശുഭ്ര, ഹരിതവർണങ്ങളിലുള്ള തുണികൾ  90:20  അനുപാതത്തിൽ മുറിച്ചെടുത്ത് വെള്ളത്തുണിയിൽ അശോക ചക്രം സ്‌ക്രീൻ പ്രിന്റിങ് വഴി പതിക്കും. തുടർന്ന് മൂന്ന് നിറത്തിലുമുള്ള തുണികൾ ചേർത്ത് തയ്ച്ച് നാടകളും തുന്നിച്ചേർത്ത് ദേശീയ പതാകയാക്കും.

മെഷീനിൽ തുണികൾ മുറിക്കുന്നതിന് മൂന്നുപേരും തയ്യൽ യൂണിറ്റിലെ 12 പേരുമാണ്  പതാക നിർമാണത്തിൽ ഏർപ്പെട്ടത്. പതാകകൾ തയ്യാറായാൽ ഖാദിഗ്രാമ ബോർഡിന്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 35 യൂണിറ്റുകളിലേക്കും വിതരണം ചെയ്യും.

Tags