വോട്ട് ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണ്: പത്തനംതിട്ട ജില്ലാ കളക്ടര്‍

ssss

പത്തനംതിട്ട : സമ്മതിദാനാവകാശം ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്നും അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീപ്പിന്റെ ആറന്മുള മണ്ഡലതല വിളംബര ഘോഷയാത്ര ഗാന്ധി സ്‌ക്വയറില്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. എല്ലാവരും ഉറപ്പായും വോട്ട് ചെയ്യണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഘോഷയാത്രയുടെ പ്രധാന ഉദ്ദേശമെന്നും കളക്ടര്‍ പറഞ്ഞു.  

സ്വതന്ത്രവും കുറ്റമറ്റതുമായ പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജനങ്ങളില്‍ ജനാധിപത്യ ബോധം വളര്‍ത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിനുമുള്ള ആറന്മുള മണ്ഡലതല സ്വീപ്പ്  (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ )  ക്യാമ്പയിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും വോട്ടെടുപ്പില്‍ പരാമവധി വോട്ടര്‍മാരെ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ്പ് പ്രവര്‍ത്തികുന്നത്. കോഴഞ്ചേരി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണപിള്ള, ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ കെ. ജയദീപ്, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags