വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെയും സുഹൃത്തിനെയും മർദ്ദിച്ച സംഭവം; പൊലീസ് കേസെടുത്തു

thiruvalla police station
thiruvalla police station

തിരുവല്ല: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയം വേളൂർ സ്വദേശിയായ പ്രനീഷ്, സുഹൃത്ത് ഷമീർ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ തിരുവല്ല സ്വദേശിയായ പാസ്റ്റർ കുര്യനും മകൻ ബ്രൈറ്റ് കുര്യനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറിന് തിരുവല്ല റെയിൽവേ സ്റ്റേഷനുസമീപം ഞക്കുവള്ളിയിലാണ് സംഭവം. തിരുവല്ലയിലുള്ള സുഹൃത്തിനെ വീട്ടിൽ വിട്ടശേഷം തിരികെ പോകുമ്പോൾ ഇടവഴിയിലൂടെ കടന്നു വരുന്നതിനിടെ പ്രതികൾ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്നെത്തി. ഇത് കണ്ടതോടെ ഇവർ വാഹനം ഒരു വശത്തേയ്ക്ക് ഒതുക്കി നിർത്തി. ഇതോടെ കാറിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾ നിങ്ങൾ ഇവിടെയുള്ള ആളുകളല്ലേ എന്നു ചോദിച്ചശേഷം യുവാക്കളെ ആക്രമിക്കുകയായിരുന്നു.

ഡ്രൈവിംങ് സീറ്റിന്റെ എതിർവശത്തിരുന്ന പ്രനീഷിനെ ആക്രമിക്കുന്നതുകണ്ട് തടയാനായി കാറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ഷമീറിനെ ചവിട്ടുകയും കമ്പിവടിയ്ക്കു സമാനമായ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. കൊല്ലുമെടാ എന്ന് ആകോശിച്ചുകൊണ്ടാണ് പ്രതികൾ മൂന്നുപേരും ഇരുവർക്കും നേരെ പാഞ്ഞടുത്തത്.

നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സംഘത്തിൽ നിന്നും രക്ഷപെട്ട പ്രനീഷും ഷെമീറും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കാൽമുട്ടിന് സാരമായി പരിക്കേറ്റ ഷെമീർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ഇരുവരെയും ആക്രമിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പിതാവിനും മകനുമെതിരെ കേസെടുത്തതായി തിരുവല്ല സി.ഐ ബി.കെ. സുനിൽകൃഷ്ണൻ പറഞ്ഞു.