ഈ പട്ടയത്തിന് ഞങ്ങളുടെ ജീവന്റെ വില : തൊഴുകൈകളോടെ സര്‍ക്കാരിന് നന്ദി പറഞ്ഞ് രമണി
പത്തനംതിട്ട : റവന്യുമന്ത്രി കെ.രാജന്റെ കൈയ്യില്‍ നിന്ന് റാന്നിയില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ അഞ്ച് സെന്റിന്റെ പട്ടയം ഏറ്റുവാങ്ങിയപ്പോള്‍ എഴുമറ്റൂര്‍ സ്വദേശിനിയായ രമണി ചന്ദ്രന്‍ കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ പട്ടയം വാങ്ങി നെഞ്ചോട് ചേര്‍ത്തപ്പോള്‍ സന്തോഷം അടക്കാനാവാതെ രമണി വിങ്ങിപ്പൊട്ടി.
ഭര്‍ത്താവ് മരണപ്പെട്ട രമണി പക്ഷാഘാതം വന്ന് ചികിത്സയിലാണ്. സംസാരിക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ പ്രശാന്തിന്റെ വരുമാനത്തിലാണ് രമണിയും പ്രശാന്തും ഭാര്യയും കഴിയുന്നത്. അമ്മയുടെ ചികിത്സയുടേയും വീട്ടുചിലവുകളുടേയും ഇടയ്ക്ക് സ്വന്തം പേരില്‍ വില കൊടുത്ത് ഭൂമി വാങ്ങുന്നതൊന്നും പ്രശാന്തിന് ചിന്തിക്കാന്‍ പോലും കഴിയില്ല. മാത്രമല്ല, ഓര്‍മ്മ വച്ച കാലം മുതല്‍ ജീവിച്ച മണ്ണ് വിട്ടു പോകാന്‍ പ്രശാന്തിനും അമ്മ രമണിക്കും കഴിയില്ല. ഇപ്പോള്‍ കിട്ടിയ പട്ടയത്തിന് ജീവന്റെ വിലയുണ്ടെന്നും അത് ലഭ്യമാക്കിയ സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ലെന്നും ഈ അമ്മയും മകനും പറയുന്നു.