നെല്‍കൃഷിക്ക് പെരുമ നല്‍കാന്‍ ഇനി പെരുനാടും

google news
ssss

പെരുനാട് : നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ കൂടുതല്‍ സജീവമാക്കി പരിപോഷിപ്പിക്കാനൊരുങ്ങി പെരുനാടിലെ കര്‍ഷകര്‍. ളാഹ എസ്റ്റേറ്റിന്റെ സമീപം ബഥനി മലയുടെ താഴ്‌വരയില്‍ ആരംഭിച്ച നെല്‍കൃഷിയുടെ ഉദ്ഘാടനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. കൃഷിഭവന്റെയും രാധമണി, മിതു ഭവന്‍ എന്ന വനിതാ കര്‍ഷകയുടെയും ശ്രമഫലമായി പാട്ടത്തിനെടുത്ത അഞ്ച് ഏക്കറില്‍ ഒന്നര ഏക്കറിലാണ് നെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബാക്കി ഭൂമിയില്‍ ചോളം, ചീര തുടങ്ങിയ വിളകള്‍ ആരംഭിക്കാനുള്ള പ്രവൃത്തികള്‍ നടന്നു വരുന്നു.

കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴയില്‍ നിന്നും എത്തിച്ച ഞാര്‍ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. മലയോര പഞ്ചായത്തായ റാന്നി പെരുനാടില്‍ സമാനമായി ലഭ്യമായ മുഴുവന്‍ ഭൂമിയിലും വരും നാളുകളില്‍ നെല്‍കൃഷി ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡി ശ്രീകല, കാര്‍ഷി കര്‍മസേന പ്രസിഡന്റ് എം കെ മോഹന്‍ദാസ്, കൃഷി ഓഫീസര്‍ റ്റി എസ് ശ്രീതി , കൃഷി അസ്സിസ്റ്റന്റുമാരായ എന്‍ ജിജി, സി രഞ്ജിത് , കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Tags