പത്തനംതിട്ട ജില്ലാ വികസന സമിതി വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തമാക്കണം : മന്ത്രി വീണാ ജോര്‍ജ്

Pathanamthitta District Development Committee development activities should be time bound: Minister Veena George
Pathanamthitta District Development Committee development activities should be time bound: Minister Veena George

പത്തനംതിട്ട : ജില്ലയില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തതയോടെ എന്നുറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. അബാന്‍ മേല്‍പ്പാലം മുഖ്യപരിഗണന നല്‍കി അടിയന്തരമായി പൂര്‍ത്തിയാക്കണം. 

ഉദ്യോഗസ്ഥതലത്തില്‍ കൂടുതല്‍ ഇടപെടലാണ് ഉണ്ടാകേണ്ടത്. പത്തനംതിട്ട വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വെ ഡിസംബറില്‍ നടത്തിതീര്‍ക്കണം. ജില്ലാ കോടതി സമുച്ചയ നിര്‍മാണം സംബന്ധിച്ച് ജില്ലാ ജഡ്ജിയുടേയും ജില്ലാ കലക്ടറുടേയും സാന്നിധ്യത്തില്‍ യോഗം ചേരുമെന്നും വ്യക്തമാക്കി. 

വലഞ്ചുഴി ടൂറിസം പദ്ധതിയുടെ തുടക്കത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണിപൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം പാടില്ല. പത്തനംതിട്ട ഭക്ഷ്യപരിശോധന ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിച്ച് ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന നിര്‍ദേശവും മന്ത്രി നല്‍കി.

തിരുവല്ല മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി വിട്ടുനല്‍കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണം. പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി.

റാന്നി കുറുമ്പന്‍മൂഴി ആദിവാസി മേഖലകളിലേക്കുള്ള വൈദ്യുതി വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് പ്രമോദ് നാരായന്‍ എം. എല്‍. എ ആവശ്യപ്പെട്ടു. ഉള്‍പ്രദേശങ്ങളായ പമ്പാവാലി, തുലാപ്പള്ളി, മഞ്ഞത്തോട് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം കെ-ഫോണ്‍ വഴി ലഭ്യമാക്കണം. പട്ടയ വിഷയങ്ങളും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നും നിര്‍ദേശിച്ചു.അടൂര്‍ റവന്യു ടവറിലുള്ള മോട്ടര്‍ വെഹിക്കിള്‍ ഓഫീസ് സൗകര്യപ്രദമായി താഴത്തെനിലയിലേക്ക് മാറ്റണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി ആവശ്യപ്പെട്ടു.


ജല്‍ജീവന്‍ മിഷന്‍ കുഴിയെടുത്തത് നികത്തണമെന്ന് കെ. യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
സ്‌കൂളുകളില്‍ ലഹരി വ്യാപനം തടയുന്നതിന് എക്‌സൈസ്-പൊലിസ് നടപടികള്‍ കൂടതല്‍ ശക്തിപ്പെടുത്തണമെന്ന് ആന്റോ ആന്റണി എം.പി. യുടെ പ്രതിനിധി പറഞ്ഞു.ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags