നെടുങ്കുന്നുമല പത്തനംതിട്ട ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകും : ഡപ്യൂട്ടി സ്പീക്കര്‍

google news
Chittayam Gopakumar

പത്തനംതിട്ട :അടൂര്‍ നെടുങ്കുന്നുമല ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പാട്ടവ്യവസ്ഥയില്‍ പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് നല്‍കുന്നതിന് അംഗീകാരം ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2023-24 ബജറ്റില്‍ വകയിരുത്തി 23.50 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്.

വിനോദസഞ്ചാരകേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന ഇവിടെ ഹാന്‍ഡ് റെയിലോടുകൂടിയ നടപ്പാതകള്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, സന്ദര്‍ശകര്‍ക്കാവശ്യമായ ഇരിപ്പിടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള വിശാലമായ കളിസ്ഥലം, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിവിധ ശില്‍പങ്ങള്‍, ലൈറ്റ് ആന്റ്‌റ് സൗണ്ട് ക്രമീകരണങ്ങള്‍, ബയോ ടോയ്‌ലറ്റുകള്‍, വിദൂരക്കാഴ്ചകള്‍ക്കായി 12 മീറ്ററോളം ഉയരം വരുന്ന രണ്ട് വാച്ച് ടവറുകള്‍, മാലിന്യ സംസ്‌ക്കരണം, പാര്‍ക്കിങ് സൗകര്യം എന്നിവ ഉള്‍പ്പെടെ വന്‍ പദ്ധതികളാണ് ഒരുക്കുന്നത്.  

ഭൂമി ലഭ്യത ഉറപ്പാക്കുന്നതു സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പദ്ധതി കാലതാമസം നേരിട്ടതെന്നും ഇക്കോടൂറിസത്തിനൊപ്പം നെടുങ്കുന്നുമലയേയും ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും ഡപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

Tags