ന്യൂനപക്ഷ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സെമിനാര്‍ : ആലോചനായോഗം ചേര്‍ന്നു

ssss

പത്തനംതിട്ട : സംസ്ഥാനന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാറിന് മുന്നോടിയായുള്ള ആലോചനായോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ എ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജൂണ്‍ ആദ്യവാരം സെമിനാര്‍ നടത്തുന്നതിന് തീരുമാനമായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നേടിയെടുക്കാന്‍ സെമിനാറിലൂടെയുള്ള ബോധവത്കരണം സഹായകമാകുമെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളെ പറ്റി അറിയാനും മനസിലാക്കാനും ഉപയോഗിക്കാനും സെമിനാര്‍ പ്രയോജനപ്രദമാവുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളും സേവനങ്ങളും ആനുകൂല്യങ്ങളും ജനകീയവത്ക്കരിക്കുന്നതിന്റെയും താഴെത്തട്ടില്‍ എത്തിക്കുന്നതിന്റെയും ക്ഷേമ പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ, തൊഴില്‍, സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അവരില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകളും ചര്‍ച്ചയും സെമിനാറിന്റെ ഭാഗമായി നടക്കും. ന്യൂനപക്ഷങ്ങളിലെ പാര്‍ശ്വവത്കൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പുവരുത്തുവാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനുമായി യോജിച്ച് നടത്തുന്ന പ്രവര്‍ത്തനവും സെമിനാറില്‍ ചര്‍ച്ചയാകും.

സെമിനാറിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ രക്ഷാധികാരിയാകുന്ന സംഘാടക സമിതിയുടെ ചെയര്‍മാന്‍  യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച് പ്രതിനിധി ഫാ. ജിജി തോമസാണ്. അഷ്‌റഫ് ഹാജി അലങ്കാരത്ത്, ഭന്തേ കശ്യപ്, അംജത്ത് അടൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാര്‍. എഡിഎം ജി. സുരേഷ് ബാബു കോര്‍ഡിനേറ്റര്‍. കണ്‍വീനര്‍മാരായി അഡ്വ. എം.കെ ഹരികുമാര്‍, ബെന്നി പുത്തന്‍പറമ്പില്‍, റൈന ജോര്‍ജ്, ജേക്കബ് മദനഞ്ചേരി, അഡ്വ. അദിനാന്‍ ഇസ്മായില്‍ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ. സൈഫുദീന്‍ ഹാജി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍)  ടി. വിനോദ് രാജ്, വിവിധ മത, സാമുദായിക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags