നേടിയത് മികച്ച മുന്നേറ്റം; പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഒന്നാമതെത്താന്‍ പത്തനംതിട്ട ജില്ലയ്ക്ക് കഴിയണം: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

sss

പത്തനംതിട്ട :  ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്താന്‍ ജില്ലയ്ക്കു കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസനിലവാരം  ഉയര്‍ത്തുന്നതിനും വിജയശതമാനം വര്‍ധിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച 'മുന്നോട്ട് 2023' പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഹൈസ്‌കൂള്‍ പ്രഥമാധ്യാപകരുടെ ജില്ലാതല  യോഗം മൈലപ്ര  സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  ഉദ്ഘാടനം  ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമേഖലയില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ പത്തനംതിട്ട ജില്ലയ്ക്കു സമീപ വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍  പതിനാലാമതായിരുന്ന ജില്ല, ഇന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു കഴിഞ്ഞു. 2023 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ല 99.81 ശതമാനം വിജയം നേടി. 10213 കുട്ടികളില്‍ നിന്നും 10194 കുട്ടികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 1570 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടി. 166 വിദ്യാലയങ്ങളില്‍ 152 വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. വരും വര്‍ഷങ്ങളില്‍ ഈ സംഖ്യ ഇനിയും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

വിജയശതമാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്‌കൂളുകള്‍ക്കും  പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന  വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കണം. തന്റെ സ്‌കൂളില്‍ ഒരു കുട്ടി പോലും പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നു പ്രഥമാധ്യാപകരും അധ്യാപകരും ഉറപ്പുവരുത്തണം. ഇവരെ സഹായിക്കാനായി പിടിഎയുടെ ഭാഗത്തു നിന്നു  മികച്ച ഇടപെടലുണ്ടാവണം. പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളില്‍ നൈപുണ്യവും വളര്‍ത്തുക എന്നതും  വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.

സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കിഫ്ബി വഴി നിരവധി വിദ്യാലയങ്ങള്‍ നിര്‍മിക്കാനും നവീകരിക്കാനും ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും ഇതുവഴി സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം ഏറെ മെച്ചപ്പെടുത്താനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. രാജു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി. ആര്‍ അനില, ഡയറ്റ് അധ്യാപിക ഡോ. കെ. ഷീജ, പ്രഥമാധ്യാപകര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags