മാലിന്യമുക്തം നവകേരളം കാംപെയിന്‍: ജില്ലയില്‍ ഊര്‍ജിതമായ പ്രവര്‍ത്തനം നടത്തണം : പത്തനംതിട്ട ജില്ലാ കളക്ടര്‍

google news
ssss

പത്തനംതിട്ട : മാലിന്യമുക്തം നവകേരളം കാംപെയിന്റെ വിജയത്തിനായി ജില്ലയില്‍ ഊര്‍ജിതമായ പ്രവര്‍ത്തനം നടത്തണമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു.  മാലിന്യമുക്തം നവകേരളം കാംപെയിന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂസര്‍ഫീ, അജൈവ മാലിന്യം എന്നിവയുടെ ശേഖരണത്തില്‍ ജില്ല പുരോഗതി കൈവരിച്ചു. പുതിയ എംസിഎഫുകള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങളില്‍ പതിപ്പിക്കാനുള്ള ഹോളോഗ്രാം സ്റ്റിക്കര്‍ വിതരണോദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ എ. ഷിബുവും ചേര്‍ന്നു നിര്‍വഹിച്ചു .സര്‍ക്കാര്‍ വെബ്സൈറ്റില്‍  ജില്ലയില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത വെച്ചൂച്ചിറ പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പന്തളം നഗരസഭയ്ക്ക് ജില്ലാ കളക്ടറും ഹോളോഗ്രാം കൈമാറി.  വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കു പ്രത്യേക നമ്പര്‍ നല്‍കും. ഹോളോഗ്രാം പതിക്കാതെ മാലിന്യ സംസ്‌കരണത്തിനു ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കും.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ രശ്മിമോള്‍, ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ബൈജു ടി പോള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags