പരിശോധനകള്‍ കര്‍ശനമാക്കണം : ചെലവ് വിഭാഗം നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസ്

google news
ssss

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സ്‌ക്വാഡുകള്‍ നടത്തുന്ന പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ചെലവ് വിഭാഗം നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് നിര്‍ദേശിച്ചു.  തെരഞ്ഞെടുപ്പ്  തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.  പൊതുജനങ്ങളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്നും അദേഹം പറഞ്ഞു.

പൊതുവേ സമാധാനപരമായ അന്തരീക്ഷമാണ് ജില്ലയില്‍ നിലവിലുള്ളത്. എങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ല. ഫ്‌ളയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ജാഗ്രത പുലര്‍ത്തണം. പെരുമാറ്റചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ മുഖേനയോ  നിരീക്ഷനെ നേരിട്ടോ വിവരം അറിയിക്കാം. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ എക്‌സ്‌പെന്‍ഡിച്ചര്‍ പരിശോധന വിഭാഗം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പരിശോധനകളുടെ ഫോട്ടോ, വീഡിയോ റെക്കോര്‍ഡുകള്‍ കൃത്യമായി  സൂക്ഷിക്കണം. പത്ര, ദൃശ്യ, നവ മാധ്യമങ്ങളിലെ പെയ്ഡ് വാര്‍ത്തകളും തെരഞ്ഞെടുപ്പ് വിഷയങ്ങളും മാധ്യമവിഭാഗം പ്രത്യേകം നിരീക്ഷിക്കണമെന്നും അദേഹം പറഞ്ഞു.

സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ഡ്യൂട്ടി സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരിക്കണമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ മികച്ച രീതിയിലാണെന്നും അദേഹം പറഞ്ഞു.യാഗത്തില്‍ ജില്ലാ പോലീസ് മേധാവി വി. അജിത്ത്, സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്,  ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ. അനില്‍കുമാര്‍, ജില്ലാ ലോ ഓഫീസര്‍ കെ. സോണിഷ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags