കോന്നി മണ്ഡലത്തിന്റെ ആരോഗ്യമേഖലയില്‍ മികച്ച നേട്ടം : ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

google news
veena george

കോന്നി : കോന്നി മണ്ഡലത്തിന്റെ ആരോഗ്യമേഖല മികച്ച നേട്ടങ്ങളുമായി മുന്നേറുകയാണെന്ന് ആരോഗ്യ, വനിതാ,ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആങ്ങമൂഴി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് കോന്നിയില്‍ ആരോഗ്യ മേഖലയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി. കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച നാം കണ്ടതാണ്. ഇപ്പൊള്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു.  പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മൈലപ്ര, കൂടല്‍, മലയാലപ്പുഴ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. സീതത്തോടിനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സന്തോഷം ഉള്ള നിമിഷം ആണ്. 40 ല്‍ പരം രോഗികള്‍ ദിവസവും എത്തുന്ന ആരോഗ്യ കേന്ദ്രമാണ് സീതത്തോടുള്ളതെന്നും അതിനെ രോഗീ സൗഹൃദവും  ജനസൗഹൃദവും ആക്കുക നമ്മുടെ ലക്ഷ്യം ആണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി നവീകരിച്ച ആങ്ങമൂഴി കുടുംബാരോഗ്യകേന്ദ്രം സീതത്തോടിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്തായി മാറും . എം.എല്‍.എ ഫണ്ടില്‍ നിന്നും 2021ല്‍ ആങ്ങമൂഴി ആരോഗ്യകേന്ദ്രത്തിന് ആംബുലന്‍സ് അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ സീതത്തോട് പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. നിലവില്‍ രണ്ട് മണി വരെയുള്ള ഒ.പി രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെയായി ഉയര്‍ത്തി. ഒ.പി മുറി, ഒബ്‌സര്‍വേഷന്‍ ഏരിയ ഇഹെല്‍ത്ത് സംവിധാനം, ഫാര്‍മസി, ലാബ് തുടങ്ങി രോഗി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നു.അഡ്വ . കെ യു ജനീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ , ജില്ലാ കളക്ടര്‍ എ.ഷിബു തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡന്റ് അസോ.ജില്ലാ പ്രസിഡന്റ് പി എസ് മോഹനന്‍, വൈസ് പ്രസിഡന്റ് പി എസ് സുജ, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്,  സീതത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ അനില്‍, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം മനോജ്, ചലചിത്ര താരങ്ങളായ സുബീഷ് സുധി, ദര്‍ശന എസ് നായര്‍ , ത്രിതലപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags