പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിക്കുറയ്ക്കാനുള്ള നീക്കം, സിഐടിയു തിരുവല്ല റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി
തിരുവല്ല: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സിഐടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി.
പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, കേരളത്തോടുള്ള കേന്ദ്ര റെയിൽവേ അവഗണന അവസാനിപ്പിക്കുക, റെയിൽവേയുടെ പരിധിയിൽ വരുന്ന മാലിന്യ നിർമ്മാർജ്ജനത്തിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
രാവിലെ കെഎസ്ആർടിസി കോർണറിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. തുടർന്ന് റെയിൽവേ സ്‌റ്റേഷനു മുന്നിൽ നടന്ന ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എസ് ഹരിദാസ് അധ്യക്ഷനായി.
സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ സി രാജഗോപാലൻ, പ്രഭാവതി, ദേശീയ കൗൺസിൽ അംഗം അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, തിരുവല്ല ഏരിയാ സെക്രട്ടറി കെ ബാലചന്ദ്രൻ , സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ സനൽകുമാർ, ജില്ലാ കമ്മറ്റി അംഗം പി ബി സതീശ് കുമാർ എന്നിവർ സംസാരിച്ചു.
സിഐടിയു ജില്ലാ കമ്മറ്റി അംഗങ്ങളായ ജി അജയകുമാർ, മോഹൻകുമാർ, ബിനിൽകുമാർ, റോയി ഫിലിപ്പ്, ശ്യാമ മോഹൻ, ആർ രവി പ്രസാദ്, ആർ മനു, ബി മുരളീധരൻ, ടി എ റെജി കുമാർ എന്നിവർ നേതൃത്വം നൽകി.