തിരുവല്ല കുന്നത്താനത്ത് 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

banned tobacco products seized in Thiruvalla
banned tobacco products seized in Thiruvalla

തിരുവല്ല: കുന്നന്താനം പാമലയിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. പാമല പുളിമൂട്ടിൽ പടിയിൽ ജയൻ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ മറവിൽ  വിറ്റഴിച്ചിരുന്ന പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. 

ഇവിടെ നിന്നും ഒരു ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്കൂട്ടറിൽ പോവുകയായിരുന്നു അമ്പലപ്പുഴ കരുമാടി തുണ്ടിൽ വീട്ടിൽ ഗിരീഷ് കുമാർ (42 ) ചൊവ്വാഴ്ച രാത്രി തിരുവല്ല എക്സൈസ് സർക്കിൾ സംഘം മുത്തൂർ -  കാവുഭാഗം റോഡിലെ മന്നം കര ചിറയിൽ നിന്നും എക്സൈസ് പിടികൂടിയിരുന്നു. ഇയാളെ സ്റ്റേഷനിൽ എത്തിച്ച്  നടത്തിയ ചോദ്യം ചെയ്യലിലാണ് പാമലയിലെ ഹോളോബ്രിക്സ് കമ്പനിയെ സംബന്ധിച്ച വിവരം ലഭിച്ചത്. 

excise office thiruvalla

തുടർന്ന് അർദ്ധരാത്രിയോടെ പുളിമൂട്ടിൽ പടിയിൽ പ്രവർത്തിക്കുന്ന ജെ കെ ബ്രിക്സ് എന്ന സ്ഥാപനത്തിൽ നടത്തിയ റൈഡിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന 29 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. സ്ഥാപനത്തിൻറെ നടത്തിപ്പുകാരനായ കുന്നന്താനം സ്വദേശി ജയന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ ഗിരീഷ് കുമാറിനെയും പുകയില ഉല്പന്നങ്ങളും കൂടുതൽ നടപടികൾക്കായി തിരുവല്ല പോലീസിന് കൈമാറി. 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രൻ, പ്രിവന്റ്റ്റീവ് ഓഫീസർ വി കെ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ അർജുൻ അനിൽ , പ്രിവന്റ്റ്റീവ് ഓഫീസർ എൻ ഡി സുമോദ് കുമാർ, ഡ്രൈവർ വിജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.