അടൂര്‍ അട്ടക്കുളം കോളനി അടിസ്ഥാന വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു- ഡപ്യൂട്ടി സ്പീക്കര്‍

Chittayam Gopakumar

അടൂര്‍ : അടൂര്‍ നഗരസഭയില്‍ രണ്ടാം വാര്‍ഡിലെ അട്ടക്കുളം പട്ടികജാതി കോളനിയുടെ അടിസ്ഥാന വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി ബെനിഫിഷ്യറി കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.  

അംബേദ്കര്‍ ഗ്രാമം പദ്ധതി തുടക്കമാകുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പില്‍ നിന്നാണ് തുക വകയിരുത്തിയത്. കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം, റോഡുകളുടെ നവീകരണം, ഗതാഗത സൗകര്യത്തിനായി കനാലിന് ചെറുപാലം നിര്‍മാണം, നടപ്പാത നിര്‍മാണം, ലൈറ്റിങ്, കുടിവെള്ള സംവിധാനങ്ങള്‍ അടക്കമുള്ളവയാണ് നിലവില്‍ വിഭാവനം ചെയ്യുന്നത്.

ഈ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി സ്പീക്കര്‍ ചെയര്‍മാനും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. പദ്ധതി ഗുണഭോക്താക്കളുടെ ആവശ്യം പരിശോധിച്ച് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസര്‍ റാണി, വാര്‍ഡ് കൗണ്‍സിലര്‍ രമേഷ്‌കുമാര്‍, നിര്‍വഹണ ഏജന്‍സിയായ നിര്‍മിതി കേന്ദ്രത്തിന്റെ പ്രോജക്ട് മാനേജര്‍ സനല്‍കുമാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, എസ്.സി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags