തിരുവല്ല മല്ലപ്പള്ളിയിൽ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ
തിരുവല്ല: മല്ലപ്പള്ളിയിലെ തെള്ളിയൂരിൽ നിന്നും 1200 ഗ്രാം കഞ്ചാവുമായി ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തെള്ളിയൂർ പരിയാരത്ത് മലയിൽ വിജയ ഭവനിൽ ഒ.കെ അനു(40) ആണ് പിടിയിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ യുവാവിന്റെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
വീട്ടിലെ മുറിയിൽ വലിയ പൊതിയാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതര സംസ്ഥാന തൊഴിലാളികൾ മുഖേന എത്തിക്കുന്ന കഞ്ചാവ് യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും പൊതികളിലാക്കി വിൽക്കുന്നതാണ് രീതിയെന്നും പത്തനംതിട്ട ജില്ലയിലെ കഞ്ചാവ് വിതരണ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ അനു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മല്ലപ്പള്ളി എക്‌സൈസ് ഇൻസ്പെക്ടർ ബി അനു ബാബുവിന്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ സുശീൽ കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ എം സി അനന്തു ,അഭിജിത് ചന്ദ്രൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മധു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.