തിരുവല്ല പെരിങ്ങരയിലെ കള്ളു ഷാപ്പിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് സംഘത്തിന്റെ മിന്നൽ പരിശോധന; 20 ലിറ്റർ സ്പിരിറ്റ് പിടികൂടി
തിരുവല്ല: തിരുവല്ല പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്നപ്രവർത്തിക്കുന്ന കള്ളു ഷാപ്പിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി. സ്വാമിപാലം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഷാപ്പിന്റെ പിൻവശത്തെ ഷെഡ്ഡിന്റെ പുറകിൽ 5 ലിറ്ററിൻ്റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ആണ് ബുധനാഴ്ച രാവിലെ 7 മണിയോടെ നടത്തിയ റെയ്ഡിൽ പിടികൂടിയത്.
വില്പനയ്ക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനായാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാപ്പിന്റെ ലൈസൻസിയായ തൃശ്ശൂർ സ്വദേശി പി എ സുരേഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ എന്നിവർ അടങ്ങുന്ന സംഘം നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്.