നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ;വയനാട് ജില്ലാതല കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

google news
asd

വയനാട് :  നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതല കോര്‍ കമ്മിറ്റി യോഗം നവകേരളം കര്‍മ്മ പദ്ധതി ജില്ലാ ഓഫീസില്‍ ചേര്‍ന്നു. 

ജില്ലയിലെ ക്യാമ്പയിന്‍ ഏകോപനത്തിനും തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്ഥപാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും വിവിധ മേഖലകളിലെ വിദഗ്ദരടങ്ങുന്ന സമിതിയുടെ യോഗമാണ് നടന്നത്.തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മിഥൈന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിത ഗൃഹവാതകങ്ങളുടെ സാന്നിദ്ധ്യം എത്രത്തോളമുണ്ട് എന്ന് പരിശോധിക്കും. 

അന്തരീക്ഷത്തിലേക്ക് അധികമായെത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുളള ഹരിത ഗൃഹ വാതകങ്ങള്‍ ഭൗമാന്തരീക്ഷ ഊഷ്മാവിനെ ഉയര്‍ത്തുന്നതിനും അതുവഴിയുണ്ടാകുന്ന ആഗോളതാപനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യും. ഇത്തരത്തില്‍ മനുഷ്യജന്യമായി ഉണ്ടാകപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സംഭരിക്കപ്പെടുന്ന കാര്‍ബണിന്റെ അളവും സന്തുലമാക്കപ്പെടുന്ന അവസ്ഥയാണ് 'നെറ്റ് സീറോ എമിഷന്‍'. 

ഹരിത പെരുമാറ്റച്ചട്ടങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കല്‍, ജൈവ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, കൃഷി, ജലസംരക്ഷണം,  ഊര്‍ജ്ജ സംരക്ഷണം, പൊതു-സ്വകാര്യ വാഹന ഗതാഗതം തുടങ്ങിയവയൊക്കെയാണ് നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിനായി ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍.


മീനങ്ങാടി, മുളളന്‍കൊല്ലി, തിരുനെല്ലി, അമ്പലവയല്‍, പൊഴുതന എന്നീ 5 തദ്ദേശ സ്ഥാപനങ്ങളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പ്രാദേശിക ഭൂപ്രകൃതി, കാലാവസ്ഥ, ജനവാസം, സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ നെറ്റ് സീറോ എന്ന അവസ്ഥ കൈവരിക്കാന്‍ ഹ്രസ്വകാലം, ഇടക്കാലം, ദീര്‍ഘകാലം എന്നിങ്ങനെ 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.  
 യോഗത്തില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കോര്‍ കമ്മിറ്റി അംഗങ്ങളായ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന വിജയന്‍, എം.എസ്.എസ്.ആര്‍.എഫ് സീനിയര്‍ ഡവലപ്പ്‌മെന്റ് കോര്‍ഡിനേറ്റര്‍ ഗിരിജന്‍ ഗോപി, നവകേരളം സീനിയര്‍ ആര്‍.പി എന്‍.കെ രാജന്‍, നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍, ഇന്റേണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags