നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത് ചരിത്രത്തില്‍ ഇന്നോളമില്ലാത്ത വികസന-ക്ഷേമ പദ്ധതികള്‍ : വി.വി. രാജന്‍

google news
rajanvv

കണ്ണൂര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത് ചരിത്രത്തില്‍  ഇന്നോളമില്ലാത്ത വികസന-ക്ഷേമ പദ്ധതികളാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി.വി. രാജന്‍ പറഞ്ഞു.  നരേന്ദ്രമോദി സര്‍ക്കാരിന്റെ  എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടത്തിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇത്തരത്തില്‍ രാജ്യത്താകമാനം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതികളും സ്വന്തം പദ്ധതികളെന്ന പേരില്‍ അവതരിപ്പിച്ച് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങലെ കബളിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം നിലയില്‍ ഒരു പദ്ധതി പോലും നടപ്പാക്കാത്ത സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. കേന്ദ്ര പദ്ധതികള്‍ അടിച്ചു മാറ്റി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് കേരള മുഖ്യമന്ത്രി. 

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷക്കാലം രാജ്യത്ത് നടപ്പാക്കിയ പദ്ധതികളില്‍ ഒരു പദ്ധതിയുടെയെങ്കിലും ഗുണഭോക്താവാത്ത ഒരാള്‍ പോലും സംസ്ഥാനത്തില്ല. രാജ്യത്തെ സാധാരണക്കാരന്, പാവപ്പെട്ടവന് വേണ്ടി നൂറു കണക്കിന് വികസന-ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ ഇടത്പക്ഷം കളളം പ്രചരിപ്പിക്കുകയാണ്. ഇത്തരത്തില്‍ കളളം പ്രചരിപ്പിക്കാന്‍ കഴിവുളള  ഒരു പാര്‍ട്ടി വേറെയില്ല. കിറ്റിലൂടെ അധികാരത്തില്‍ വന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ പതനം ആസന്നമായിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ഓരോ ബിജെപി പ്രവര്‍ത്തകരും മുന്നോട്ട് വരണം. കേന്ദ്ര പദ്ധതികളുടെ സന്ദേശവാഹകരായി പ്രവര്‍ത്തകര്‍ മാറണം. രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍നിധി പ്രയോജനകരമായത്. എന്നാല്‍ ഈ പദ്ധതിയില്‍ ചേരുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍ സംസ്ഥാനത്തെ സിപിഎമ്മുകാര്‍ നടത്തി.

 എന്നാല്‍ 11തവണയായി ആയിരക്കണക്കിന് സിപിഎമ്മുകാര്‍ക്കടക്കം ആനുകൂല്യം ലഭിച്ചു. പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും ലഭിക്കുന്നതിനെ തടയുകയെന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. കൊടുക്കുന്ന കാര്യത്തില്‍ പിശുക്കു കാട്ടുന്നവരാണിവരെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. 

ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍, സംസ്ഥാന സമിതിയംഗങ്ങളായ സി. നാരായണന്‍, വി.വി. ചന്ദ്രന്‍, അഡ്വ. വി.വി. ശ്രീധരന്‍, ജില്ലാ ഭാരവാഹികളായ രാജന്‍പുതുക്കുടി, ടി.സി. മനോജ്, പി.ആര്‍. രാജന്‍, യു.ടി. ജയന്തന്‍, പി. സലീന, അരുണ്‍ കൈതപ്രം, എ.പി. ഗംഗാധരന്‍ തുടങ്ങി വിവിധ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍. സുരേഷ് സ്വാഗതവും ബിജുഏളക്കുഴി നന്ദിയും പറഞ്ഞു.

Tags