രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ തള്ളി കളയണം: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

google news
ytredd

കാസർഗോഡ് : ദേശീയ വിരവിമുക്ത ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ അധ്യക്ഷത വഹിച്ചു. മണ്ണില്‍കൂടി പകരുന്ന വിരകള്‍ ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി നിലനില്‍ക്കുകയാണെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരേധപ്രവര്‍ത്തനങ്ങളിലൂടെയാണ് പോളിയോ, മന്ത്, റൂബെല്ലാ, ക്ഷയം തുടങ്ങിയ മഹാവ്യാധികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സാധിച്ചത്. പഴയ കാലത്ത് വിരയിളക്കാന്‍ മരുന്ന് നല്‍കുന്നത് സര്‍വ്വസാധാരണമായിരുന്നു. വിര വിമുക്ത പരിപാടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാകണന്നും എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ വ്യാപകമായിരുന്ന പകര്‍ച്ചവ്യാധികളെ നിയന്ത്രിച്ചത് ആരോഗ്യ പ്രവര്‍ത്തകരാണെന്നും എം.എല്‍.എ പറഞ്ഞു.

ജില്ലാ ടി.ബി ആന്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ എ.മുരളീധര നല്ലൂരായ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീമ തന്‍വീര്‍, ചെങ്കള പഞ്ചായത്ത് ആരോഗ്യകാര്യം സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സലിം എടനീര്‍, ജില്ലാ എം.സി.എച്ച്.ഓഫീസര്‍ എന്‍.ജി.തങ്കമണി, ചെങ്കള ഗ്രാമപഞ്ചായത്തംഗം ഹസീന റഷീദ്, ജി.എച്ച്.എസ്.എസ്.ചെങ്കള പ്രിന്‍സിപ്പാള്‍ ടി.വി.വിനോദ് കുമാര്‍, പ്രധാനാധ്യാപകന്‍ എം.എം.അബ്ദുള്‍ ഖാദര്‍, പി.ടി.എ പ്രസിഡണ്ട് ഷുക്കൂര്‍ ചെര്‍ക്കള, കാസര്‍കോട് അഡീഷണല്‍ സി.ഡി.പി.ഒ എ.ജെ.ജൂഡി, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ (ആരോഗ്യം) അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കുഞ്ഞിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.പി ആമിന സ്വാഗതവും ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെവിന്‍ വാട്‌സണ്‍ നന്ദിയും പറഞ്ഞു.

65 ശതമാനം കുട്ടികള്‍ക്കാണ് വിരബാധയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിളര്‍ച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛര്‍ദ്ദിയും വയറിളക്കവും, മലത്തില്‍കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍. കുട്ടികളുടെ ശരീരത്തില്‍ വിരകളുടെ തോത് വര്‍ധിക്കുംതോറും ആരോഗ്യപ്രശ്‌നങ്ങളും കൂടിവരും. തുടര്‍ന്ന് ശാരീരികവും മാനസികവും ആയ വികാസ വൈകല്യങ്ങളും കുട്ടികള്‍ക്കുണ്ടാകുന്നു. മാത്രമല്ല സ്‌കൂളില്‍ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. മണ്ണില്‍കൂടി പകരുന്ന വിരകള്‍ മനുഷ്യന്റെ ആമാശയത്തില്‍ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്തു വളരുകയും പൊതുസ്ഥലത്തു മലവിസര്‍ജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകള്‍ മണ്ണിലും ജലത്തിലും കലരാന്‍ ഇടവരികയും ചെയ്യുന്നു.

Tags