മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

fghj

കാസർഗോഡ് : മൃഗചികിത്സാ സംവിധാനങ്ങള്‍ വീടുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന  മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെയും കേന്ദ്രീകൃത കോള്‍ സെന്ററുകളുടെയും പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ ജില്ലയിലെ ബ്ലോക്കുകള്‍ക്ക് അനുവദിച്ച 2 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി  ഫ്ളാഗ് ഓഫ് ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ.എം.അഷ്റഫ്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ബ്ലോക്കുകളിലാണ് ഇപ്പോള്‍ സേവനം ലഭ്യമാവുക. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും ഉദുമ, പെരിയ, പള്ളിക്കര, അജാനൂര്‍, മടിക്കൈ എന്നീ ഗ്രാമപഞ്ചായത്തുകളിലും കാസര്‍കോട് ബ്ലോക്കില്‍ ചെമ്മനാട്, ബദിയടുക്ക, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലും ഈ പദ്ധതിയുടെ സേവനം ലഭ്യമാക്കും.  

ഒരു വാഹനം അടക്കമുള്ള മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് യൂണിറ്റിന്റെ ചെലവ് 16 ലക്ഷം രൂപയാണ്. വെറ്റിനറി സര്‍ജന്‍, പാരവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നിവര്‍ ഓരോ യൂണിറ്റിലും ഉണ്ടാകും. ചെറുതും വലുതുമായ ശസ്ത്രക്രിയകള്‍, കൃത്രിമ ബീജദാനം, മിനി ലാബ്, കൗലിഫ്റ്റര്‍, കാഫ്പുള്ളര്‍, അത്യാവശ്യം മരുന്നുകള്‍ എന്നീ സൗകര്യങ്ങളുണ്ട്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി 8 വരെയാണ് ഇതിന്റെ സേവനം. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനവുമുണ്ട്. സംശയ ദുരീകരണം മുതല്‍ ചികിത്സ വരെയുള്ള സേവനം ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കും.

മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി.സുരേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി.എം.സുനില്‍, പി.ആര്‍.ഒ ഡോ.എ.മുരളീധരന്‍, ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എസ്.മഞ്ജു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജി.ജയപ്രകാശ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
 

Share this story