1100 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആറുമാസത്തിനുള്ളില്‍ ഉത്പാദിപ്പിച്ച് തുടങ്ങും : മന്ത്രി പി. പ്രസാദ്

google news
pp

തലശേരി : വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്റെ (വാം) ഭാഗമായി 'ഒരു കൃഷിഭവന്‍ ഒരു ഉല്‍പ്പന്നം' എന്ന നിലയില്‍  1100 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആറുമാസത്തിനുള്ളില്‍ ഉത്പാദിപ്പിച്ച് തുടങ്ങുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ കൃഷിദര്‍ശന്‍ പരിപാടിയില്‍ കൃഷി ഉദ്യോഗസ്ഥരുടെയും പ്രാഥമിക അഗ്രികള്‍ച്ചര്‍ സഹകരണ സൊസൈറ്റി മേധാവികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2106 കോടി രൂപ ലോക ബാങ്ക് സഹായത്തോടെയാണ് വാം മിഷന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, തദ്ദേശസ്വയംഭരണം തുടങ്ങി 11 വകുപ്പുകളുടെ ഏകോപനത്തോടെ മൂല്യ വര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂനിറ്റുകള്‍ രൂപീകരിക്കും. ഇവയുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ സമയബന്ധിതമായി നടപ്പിലാക്കാന്‍ വാം മിഷനും സ്വകാര്യ പൊതുമേഖല കര്‍ഷക പങ്കാളിത്തത്തോടെ കേരള അഗ്രോ ബിസിനസ് എന്ന പുതിയ സംവിധാനവും നിലവില്‍ വരും.

ഇതുവഴി കര്‍ഷകന്റെ  ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണികളിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇത് കൃഷിയിടത്തില്‍ തന്നെ കൃഷിക്കാരന് വരുമാനം ഉറപ്പു നല്‍കുന്ന ഒരു പദ്ധതിയായി രൂപം കൊള്ളുമെന്നും മന്ത്രി പറഞ്ഞു.വന്യമൃഗ ശല്യം തടയാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് പ്രാഥമിക കാര്‍ഷിക സഹകരണ സംഘം ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി.

കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍ വിഷയാവതരണം നടത്തി.മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു, അംഗങ്ങളായ കോങ്കി രവീന്ദ്രന്‍, ചന്ദ്രന്‍ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുന റാണി, കൃഷിവകുപ്പ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, വിലനിര്‍ണയ കമ്മീഷന്‍ ചെയര്‍മാന്‍ രാജശേഖരന്‍, കൃഷി അഡീഷണല്‍ ഡയരക്ടര്‍ എസ് ആര്‍ രാജേശ്വരി എന്നിവര്‍ സംസാരിച്ചു.
കൃഷിദര്‍ശന്റെ ഭാഗമായി തലശ്ശേരി കാര്‍ഷിക ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകളിലായി കൃഷി ഉദ്യോഗസ്ഥര്‍, കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞന്‍, മറ്റു അനുബന്ധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ കൃഷിയിട സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ട് മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു.

Tags