ലീഗ് പ്രവര്‍ത്തകന്റെ വധം ; ഒന്നാം പ്രതി മറ്റെരു കേസില്‍ അജ്മാനില്‍ പിടിയില്‍

google news
RFF

തൃശൂര്‍: പുന്നയൂര്‍ക്കുളം പെരുമ്പടപ്പ് പാലപ്പെട്ടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ ഒന്നാംപ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 22 വര്‍ഷത്തിനു ശേഷം മറ്റൊരു കേസില്‍ അജ്മാനില്‍ അറസ്റ്റിലായതായി വിവരം. പെരുമ്പടപ്പ് പഞ്ചായത്ത് പാലപ്പെട്ടിയില്‍ 2000 മാര്‍ച്ച് 19ന്  ലീഗ് പ്രവര്‍ത്തകനായ പാലപ്പെട്ടി തെക്കേപ്പുറത്ത് പരേതനായ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ കരീം (26) കൊല ചെയ്യപ്പെട്ട കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തില്‍ ഇറങ്ങി രാജ്യംവിട്ട ഒന്നാം പ്രതി ഐരൂര്‍ പാലപ്പെട്ടി മരക്കാരകത്ത് അക്ബറാണ് അജ്മാന്‍ പോലീസിന്റെ
പിടിയിലായത്. പാലപ്പെട്ടി സ്വദേശിയായ നൗഷാദിനെ ആക്രമിച്ചു പരുക്കേല്‍പ്പിക്കുന്നതിനിടെയാണ് പ്രതി അജ്മാനില്‍ പിടിയിലായതെന്നാണ് വിവരം ലഭിച്ചത്. കൊലപാതകക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി എങ്ങിനെ രാജ്യംവിട്ടു എന്നത് ദുരൂഹമാണ്. അക്ബറിനെതിരേ രണ്ടു കേസുകളാണ് മദീന പോലീസ് ചാര്‍ജ് ചെയ്തിട്ടുള്ളതെന്നറിയുന്നു.

പ്രതിയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് നിയമപരമായ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കണമെന്നും പ്രതിയെ നാട് വിടാന്‍ സഹായിച്ചവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉന്നത പോലീസ് മേധാവികള്‍ക്ക് അബ്ദുല്‍ കരീമിന്റെ കുടുംബം പരാതി നല്‍കി. കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടര്‍ക്കഥയായിരുന്ന പാലപ്പെട്ടിയില്‍ 2000 മാര്‍ച്ച് 19ന് രാത്രി 7.30നാണ് ലീഗ് പ്രവര്‍ത്തകന്‍ പാലപ്പെട്ടി തെക്കേപ്പുറത്ത് അബ്ദുല്‍കരീം
(26) കൊല ചെയ്യപ്പെട്ടത്. പാലപ്പെട്ടി ആശുപത്രിക്ക് അടുത്തുള്ള ബീച്ച് റോഡില്‍വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിയും കുത്തിയുമാണ് കൊലപാതകം. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കരീം.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പാലപ്പെട്ടി, അണ്ടത്തോട്, ഐരൂര് എന്നീ പ്രദേശത്തുള്ള എട്ടോളം പേരാണ് ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ള പ്രതികളെ പൊന്നാനി സി.ഐ. ഒ.പി. തോമസ്, എസ്.ഐ. എം.പി. മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകള്‍ക്കകം വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ ജാമ്യമെടുത്തപ്പോഴാണ് അക്ബര്‍ മുങ്ങിയത്.
 

Tags