ലീഗ് നേതാവ് കല്ലായിയുടെ പാസ്‌പോര്‍ട്ട് കോടതി തടഞ്ഞുവെച്ചു

kalliayi

മട്ടന്നൂര്‍:മട്ടന്നൂര്‍ ജുമാമസ്ജിദ് പുനര്‍നിര്‍മാണ അഴിമതി കേസില്‍ കുറ്റാരോപിതനായ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്ക്  ഗള്‍ഫിലേക്ക്  പോകാന്‍ തലശേരി ജില്ലാസെഷന്‍സ് കോടതി അനുമതി നിഷേധിച്ചു. മട്ടന്നൂര്‍ ജുമാ മസ്ജിദ് പുനര്‍ നിര്‍മാണ അഴിമതി കേസില്‍ പ്രതിയായ കല്ലായിയുടെ പാസ്‌പോര്‍ട്ട്  കോടതി വിട്ടു നല്‍കിയില്ല.

 പാസ്‌പോര്‍ട്ട് വേണമെന്ന കല്ലായിയുടെ ഹരജി  തലശേരി ജില്ലാസെഷന്‍സ് കോടതി തളളുകയായിരുന്നു. അബ്ദുറഹ്മാന്‍  കല്ലായിക്ക് വിദേശത്തു പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിനെതിരെ പബ്‌ളിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ. അജിത്ത് കുമാര്‍ എതിര്‍ത്തു.  പ്രതികള്‍  പൊലിസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഇതുപരിഗണിച്ചു കൊണ്ടാണ് കോടതി പാസ്‌പോര്‍ട്ടു തടഞ്ഞുവെച്ചത്. കോടികളുടെ അഴിമതി ആരോപണമാണ് മട്ടന്നൂര്‍ ജുമാമസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ടുയുയര്‍ന്നുവന്നത്. 

പള്ളിയോടു ചേര്‍ന്നു നിര്‍മിച്ച ഷോപ്പിങ് കോംപ്‌ളക്‌സിന്റെ പേരു പറഞ്ഞു പണം പിരിച്ച നിക്ഷേപര്‍ക്ക് അതു തിരിച്ചു നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മട്ടന്നൂര്‍ പൊലിസ് കേസെടുത്തു അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹ്മാന്‍ കല്ലായിയും  നിര്‍മാണ കമ്മിറ്റിയും വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പള്ളി പുനര്‍നിര്‍മാണം നടത്തിയതെന്നു വ്യക്തമായത്.

Share this story