നൂറ്റാണ്ടിന്റെ സ്മരണകളുണർത്തി കയരളോത്സവം പൂർവ്വ വിദ്യാർത്ഥി സംഗമത്തിനെത്തിയത് ആയിരങ്ങൾ

google news
asg

മയ്യിൽ: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓർമ്മകൾക്ക് വർണ്ണങ്ങൾ ചാർത്തി കയരളോത്സവത്തിന് എത്തിയത് ആയിരങ്ങൾ. 1910-ൽ സ്ഥാപിതമായ കയരളം എ.യു.പി.സ്കൂളിലെ 112 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമമാണ് കയരളോത്സവം എന്ന പേരിൽ നാടിന്റെ ഉത്സവമായി സംഘടിപ്പിച്ചത്. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ പത്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി കയരളോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയവരുടെ സംഗമം, ബാല്യകാല ജീവിതത്തിന്റേയും സൗഹൃദത്തിന്റേയും ഗൃഹാതുര ഓർമ്മകളും, പഴയ ഗുരുജനങ്ങളുടെ അപൂർവ്വ സാന്നിധ്യത്തിന്റെ ധന്യതയും സമ്മേളിച്ച അവിസ്മരണീയമായ അനുഭവമായി മാറി.

സംഗമത്തോടനുബന്ധിച്ച് ഒരുക്കിയ പുരാവസ്തു പ്രദർശനം, പഴയകാല മിഠായികളുടെ വിൽപന കേന്ദ്രം മലയൻകുനി മിഠായിക്കട ഏറെ ശ്രദ്ധേയമായി.
തൊണ്ണൂറ് വയസ്സ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളേയും പൂർവ അധ്യാപകരേയും പൂർവ്വ വിദ്യാർത്ഥിയും മുൻ ആരോഗ്യ മന്ത്രിയുമായ പി.കെ.ശ്രീമതി ടീച്ചർ ആദരിച്ചു. വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. രവി മാണിക്കോത്ത്, എം.എം. വനജ കുമാരി, കെ.പി.കുഞ്ഞികൃഷ്ണൻ, കെ. ശാലിനി, എ.പി. സുചിത്ര, പി.കെ.ദിനേശ്, കെ. ബിന്ദു, യു.കെ.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. ഇ.കെ. രതി ടീച്ചർ സ്വാഗതവും പി.വി.ശ്രീജ നന്ദിയും പറഞ്ഞു. സൗജന്യ മെഡിക്കൽ ക്യാമ്പും പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സ്റ്റേജ് ഷോയും അരങ്ങേറി.

Tags