' കരുതലേകാം കാവലാകാം കുരുന്നുകള്‍ക്ക് '' ബാലനിധി സ്വരൂപണ ഫണ്ട് കാസർകോട് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

d

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വനിതാശിശു വികസന വകുപ്പിന്റെ മിഷന്‍ വാത്സല്യ പദ്ധതിയിലെ ബാലനിധി സ്വരൂപണ ഫണ്ട് ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്  ബാലനിധിയിലേക്ക്  ആദ്യ സംഭാവന നല്‍കി. നിരവധി അതിദാരിദ്ര്യ വീടുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നും കുറേ കുട്ടികള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അച്ഛന്‍ ഒഴിവാക്കി പോയ കുട്ടികള്‍, കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത രക്ഷിതാക്കള്‍ ഇവരെയൊക്കെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തണമെങ്കില്‍ സമൂഹത്തിന്റെ സഹായവും ആവശ്യമാണ്. എല്ലാ പൊതുജനങ്ങളും ഇതില്‍ പങ്കാളികളാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

വനിതാ-ശിശു വികസന വകുപ്പിന്റെ മിഷന്‍ വാത്സല്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ജെ.ജെ ആക്ട് സെക്ഷന്‍ 105 പ്രകാരം രൂപീകരിച്ച ഫണ്ടാണ് ബാലനിധി (ജുവനൈല്‍ ജസ്റ്റിസ് ഫണ്ട്). നിരാലംബരായ കുട്ടികള്‍ക്ക് പൊതുജന പങ്കാളിത്തത്തോടെ ബാലനിധി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികളുടെ ക്ഷേമം, പുനരധിവാസം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് പണം സ്വരൂപിക്കുകയാണ് ബാലനിധി പദ്ധതിയുടെ ലക്ഷ്യം.

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍, ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍, അതിജീവിതരായ കുട്ടികള്‍, ബാല ഭിക്ഷാടനം-ബാലവേലയില്‍ അകപ്പെട്ട കുട്ടികള്‍, അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ എന്നിവര്‍ക്ക് അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, താമസം, മറ്റ് ചെലവുകള്‍ വഹിച്ച് സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ് ബാലസൗഹൃദം പദ്ധതിയുടെ ലക്ഷ്യം.

Share this story