കാസർഗോഡ് ജില്ലയുടെ ആരോഗ്യ മേഖലയുടെ വികസനത്തിന് പുത്തന്‍ പ്രതീക്ഷ

google news
sdfg

കാസർഗോഡ് : ജില്ലയുടെ ആരോഗ്യ മേഖലയുടെ വികസനത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ് സര്‍ക്കാര്‍. ഓരോ മണ്ഡലങ്ങളിലെയും ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ വിശകലനം ചെയ്താണ് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്. കാസര്‍കോടിന്റെ ആരോഗ്യ രംഗത്തിന് മുന്തിയ പരിഗണനയെന്നത് വാക്ക് മാത്രമല്ലെന്നും വരുംനാളുകളില്‍ ജനങ്ങള്‍ക്ക് അത് അനുഭവഭേദ്യമാകുമെന്നുറപ്പിക്കുന്നതാണ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബും അവിടുത്തെ സേവനങ്ങളും.
കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ വികസന പദ്ധതികള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നിര്‍മാണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും കരാറുകാരുമായി എം എല്‍ എമാരുടയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി ചര്‍ച്ച ചെയ്തത്. പുതിയ വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി. ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ എന്‍ഡോസള്‍ഫാന്‍ പാക്കേജ് കെട്ടിട നിര്‍മ്മാണം പകുതിയും പൂര്‍ത്തീകരിച്ചതായും മാര്‍ച്ച് അവസനത്തോടെ പൂര്‍ത്തിയാക്കുമെന്നും യോഗത്തില്‍ അറിയിച്ചു. പെരിയ സി.എച്ച്.എസി ഐസോലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം ഫെബ്രുവരിയില്‍ തീര്‍ക്കും. എഫ്.എച്ച്.സി ബന്തടുക്കയിലും നിര്‍മ്മാണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും. പി.എച്ച്.സി പള്ളിക്കരയിലെ നിര്‍മ്മാണം മുഴുവനും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ടാറ്റ ആശുപത്രിയെ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റലാക്കി മാറ്റും. ആരോഗ്യ വകുപ്പിന് നിലവില്‍ ടാറ്റ ആശുപത്രിയുടെ സ്ഥലം വിട്ടു കിട്ടിയിട്ടില്ല. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 30 ന് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് ഭൂമി കൈമാറുന്ന പ്രൊപ്പോസല്‍ സമര്‍പ്പിച്ചു.


കൂടാതെ ജില്ലയിലുള്ള 54 ഡോക്ടര്‍മാരുടെ ഒഴിവും നികത്തും. തസ്തികയില്‍ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ എഫ്.എച്ച്.സി വോര്‍ക്കാടി, അംഗടിമുഗര്‍ പി.എച്ച്.എസ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പി.എച്ച്.സി ബായര്‍ 80 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയായി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നിലവിലെ സ്ഥിതിയും ചര്‍ച്ച ചെയ്തു. അപാകതകള്‍ പരിഹരിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. എഫ്.എച്ച്.സി മധൂര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളേജിലെയും നിലവിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. അജാനൂര്‍ എഫ്.എച്ച്.സി 70 ശതമാനം പൂര്‍ത്തിയായി. നീലേശ്വരം താലൂക്ക് ആശുപത്രി ഐസോലെഷന്‍ സെന്റര്‍ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാകുമെന്നും അറിയിച്ചു.

കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടേയും കാസര്‍കോട് ജനറല്‍ ആശുപത്രിയുടേയും വികസനം. ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മാണം, കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് നിര്‍മാണ പുരോഗതി, ടാറ്റാ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രി സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കല്‍, ഡോക്ടര്‍മാരുടയും ജീവനക്കാരുടേയും ക്ഷാമം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിയോജകമണ്ഡലടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടറുടേയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടേയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു. അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
 

Tags