കൈത്താങ്ങ് പദ്ധതിക്ക് കേന്ദ്ര സര്‍വകലാശാലയുടെ കൈത്താങ്ങ്

uytres

കാസർഗോഡ് : 'ഈ വിദ്യാര്‍ഥികള്‍ മുഴുവനും ഉന്നത വിദ്യാഭ്യാസം നേടി പഠിച്ചുയരാന്‍ ഈ സര്‍വകലാശാലയിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനം വിട്ടുതരാന്‍ ഞാന്‍ തയാറാണ്. ഇവരില്‍ ഒരു കുട്ടിയുടെ മെന്റര്‍ ടീച്ചറായി പ്രവര്‍ത്തിക്കാന്‍ ഞാനും ഒരുക്കമാണ് '- നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ എച്ച്.വെങ്കടേശ്വര്‍ലുവിന്റേതായിരുന്നു ഈ വാക്കുകള്‍. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കൈത്താങ്ങ് പദ്ധതിയായ സ്‌കഫോള്‍ഡിന്റെ ഭാഗമായി പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ശില്പശാലയിലാണ് കേന്ദ്ര സര്‍വകലാശാലയുടെ മുഖ്യാധികാരിയില്‍ നിന്നും ഈയൊരു വാഗ്ദാനം ഉയര്‍ന്നത്.

സാമൂഹ്യമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്ന, പഠനരംഗത്ത് ഏറെ മികവ് തെളിയിച്ച പതിനൊന്നാം തരത്തില്‍ പഠിക്കുന്ന 25 കുട്ടികളെയാണ് സ്‌കഫോള്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി എസ്.എസ്.കെ ഒരുക്കുന്ന തുടര്‍ച്ചയായുള്ള ക്യാമ്പിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ കുട്ടികളുമായി ഒരു മണിക്കൂറോളമാണ് വൈസ് ചാന്‍സലര്‍ സംവദിച്ചത്. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത തൊഴില്‍ മേഖലകളിലേക്ക് പറന്നുയരാനുള്ള വ്യത്യസ്ത സാധ്യതകള്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കായി പറഞ്ഞുകൊടുത്തു. പ്രതിസന്ധികളെ മുറിച്ചുകടന്നവരുടെ അനുഭവങ്ങള്‍ വികാരവായ്‌പോടെ വി.സി.അയവിറക്കി.

കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് കേന്ദ്ര സര്‍വകലാശാല കേരളം രജിസ്ട്രാര്‍ ഡോ.എം മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡി.നാരായണ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എം.എം.മധുസൂദനന്‍, കെ.പി.രഞ്ജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കേന്ദ്ര സര്‍വകലാശാലയിലെ വൈറോളജി വിഭാഗത്തിലെ പ്രൊഫസറും സ്‌കഫോള്‍ഡ് പദ്ധതിയുടെ യൂണിവേഴ്‌സിറ്റി തല കോര്‍ഡിനേറ്ററുമായ ഡോ.രാജേന്ദ്ര പിലാങ്കട്ട, സ്‌കൂള്‍ ഓഫ് എജ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ.മുസ്തഫ, ഭൗതിക ശാസ്ത്ര വിഭാഗത്തിലെ ഡോ.സ്വപ്ന, മൈക്രോബയോളജി വിഭാഗത്തിലെ ഡോ.എം.അശോക് കുമാര്‍, ഡോ.ഗ്രേസ് രാജി, ഡോ.എം.മുകേഷ്, ജെ.സി.ഐ ട്രെയിനര്‍ വേണുഗോപാലന്‍, കരിയര്‍ ഗൈഡും ജില്ലാ പ്ലാനിംഗ് കമ്മിറ്റി മെമ്പറുമായ മുഹമ്മദ് നിസാര്‍ പെരുവാട് എന്നിവര്‍ ക്ലാസെടുത്തു. യുവ ശാസ്ത്രജ്ഞ സംഘടനയായ സൊസൈറ്റി ഓഫ് യങ് സയന്റിസ്റ്റിന്റെ (എസ്.വൈ.എസ് ) ശാസ്ത്രജ്ഞവിഭാഗത്തിന്റെ സഹകരണവും ക്യാമ്പിന് ലഭിച്ചു. സ്‌കഫോള്‍ഡ് പദ്ധതിയുടെ ഭാഗമായി നേരത്തെ കളനാട്, കൊടക്കാട് എന്നിവിടങ്ങളില്‍ രണ്ടുനാള്‍ നീളുന്ന വിദഗ്ധ ക്ലാസുകളോടെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പതിനൊന്നാം തരം തൊട്ട് കുട്ടികള്‍ക്ക് ഏറ്റവും മികച്ച നിലയില്‍ ഉന്നതപഠനം ലഭ്യമാക്കാനുള്ള ഉപദേശങ്ങളും, നിര്‍ദേശങ്ങളും, ക്ലാസുകളും കൈത്താങ്ങ് പകരുന്ന പദ്ധതിയാണ് എസ്.എസ്.കെ രൂപകല്‍പ്പന ചെയ്ത സ്‌കഫോള്‍ഡ്.

Share this story