തേൻ മഹോത്സവം കണ്ണൂരിൽ ആരംഭിച്ചു

google news
THEN festival

ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെയും ഖാദി കമ്മീഷന്റെ സഹായത്തോടെ രൂപീകരിച്ച കണ്ണൂർ ബീക്കിപ്പിങ്ങ് ക്ലസ്റ്ററിന്റെയും നേതൃത്വത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ തേൻ മഹോത്സവം ആരംഭിച്ചു.  കണ്ണൂർ കാസർകോട്, കോഴിക്കോട് ജില്ലയിലെ മുന്നൂറോളം തേനീച്ച കർഷകരാണ് രണ്ട് ദിവസങ്ങളിലായ് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. 

തേൻ മഹോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ, വിവിധ ക്ലാസ്സുകൾ, കർഷകരെ ആദരിക്കൽ, കാർഷിക പ്രശ്നോത്തരി, ഉല്പന്ന പ്രദർശന വില്പനമേള  തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസിന്റെ സംസ്ഥാന ഡയറക്ടർ  സി.ജി ആണ്ഡവർ തേൻ മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്.ഷിറാസ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡി.ഡി.എച്ച് (ഹോർട്ടികോർപ്പ് ഡപ്യൂട്ടി ഡയരക്ടർ ) അജിമോൾ, എൽ.ഡി.എം രാജ്കുമാർ, ബീക്കിപ്പിങ്ങ് ക്ലസ്റ്റർ പ്രസിഡന്റ് ഷാജു ജോസഫ് ,സെക്രട്ടറി സി മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

festival

തേൻ മഹോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറിൽ ഗുണമേന്മയുള്ള തേൻ ഉൽപാദനം എന്ന വിഷയത്തിൽ ഹോർട്ടി കോർപ്പ് റീജിയണൽ മാനേജറും മാവേലിക്കര ബീകീപ്പിങ്ങ് ട്രെയിനിംഗ് കോളേജ് മേധാവിയുമായ ബി.സുനിൽ ക്ലാസെടുത്തു. തേനീച്ച വളർത്തലിൽ കിസാൻ വാണിയുടെ പങ്ക് എന്ന വിഷയത്തിൽ കണ്ണൂർ ആകാശവാണിയിലെ കിസാൻ വാണി പ്രോഗ്രാം ഡയരക്ടർ പി വി പ്രശാന്ത് കുമാർ വിഷയാവതരണം നടത്തി. തേനിന്റെ വിവിധ മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും വൈവിധ്യമായ തേൻ, തേൻ ഉപകരണങ്ങൾ തുടങ്ങിയവയുടെ എക്സിബിഷനും തേൻ മഹോത്സവത്തിൽ പൊതുജനങ്ങളെ ആകർഷിക്കുന്നുണ്ട്. ചടങ്ങിൽ വച്ച് യൂട്യൂബിലൂടെ വ്യവസായ സംരംഭങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനും പ്രോൽസാഹിപ്പിക്കുന്നതിനും നേതൃത്വം നല്കുന്ന ഫിറോസ് കണ്ണിപ്പൊയിലിന് മലബാർ ഹണി ഏർപ്പെടുത്തിയ പ്രശസ്തി പത്രവും കേഷ് അവാർഡും വിതരണം ചെയ്തു.

Honey

പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ SFURTI പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ മലബാർ ഹണി കോംപ്ലക്സിൽ ഖാദി കമ്മീഷൻ പണികഴിപ്പിച്ച അത്യാധുനിക തേൻ ശുദ്ധീകരണ ശാലയിൽ നിന്നും ലഭ്യമാവുന്ന തേനും, മറ്റ്  തേനുല്പന്നങ്ങളുടെ പ്രദർശനവും തേൻ മഹോത്സവത്തിന്റെ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.

festival

തേൻ ഉല്പന്നങ്ങളുടെ പ്രദർശനം കാണുവാൻ നിരവധി പേരാണ് കഴിഞ്ഞ ദിവസം തേൻ മഹോത്സവ പരിപാടിയിൽ എത്തിച്ചേർന്നത്. പ്രകൃതിയുടെ അമൃതായ തേനിനെയും തേൻ ഉല്പന്നങ്ങളെകുറിച്ചും പഠിക്കാനും അറിയുവാനും ആഗ്രഹിക്കുന്ന നിരവധി പേർ തേൻ മഹോത്സവത്തിലെ ഉല്പന്ന പ്രദർശന മേളയിൽ എത്തിച്ചേർന്ന് കാര്യങ്ങൾ മനസിലാക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം രണ്ട് ദിവസത്തെ തേൻ മഹോത്സവം സമാപിക്കും. ചടങ്ങിൽ വച്ച് മികച്ച തേൻ കർഷകരെ ആദരിക്കും. കൃഷി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖർ തേൻ മഹോത്സവത്തിലെ ഇന്നത്തെ പരിപാടിയിൽ സംബന്ധിക്കും.

Tags