ശക്തമായ മഴ : അടിയന്തര സാഹചര്യം നേരിടാൻ പത്തനംതിട്ട സജ്ജം : മന്ത്രി വീണ ജോര്‍ജ്
veena george

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ല സജ്ജമാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളില്‍ അധികമായി കിടത്തിച്ചികിത്സ സൗകര്യം ഒരുക്കും.

വില്ലേജ് ഓഫിസര്‍മാര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ആഹാരം, വെള്ളം, വെളിച്ചം, ചികിത്സ സഹായം എന്നിവ ക്യാമ്പ് ഓഫിസര്‍മാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. അച്ചന്‍കോവിലിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്.

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കും. 18 ആദിവാസി കോളനികളില്‍ ജില്ല സപ്ലൈ ഓഫിസര്‍ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതിന് സമാന്തര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Share this story