ഇടുക്കി ജില്ലയ്ക്ക് ആരോഗ്യ മേഖലയില്‍ സവിശേഷമായ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത് : മന്ത്രി വീണാ ജോര്‍ജ്

google news
ഇടുക്കി ജില്ലയ്ക്ക് ആരോഗ്യ മേഖലയില്‍ സവിശേഷമായ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത് : മന്ത്രി വീണാ ജോര്‍ജ്

ഇടുക്കി : ജില്ലയ്ക്ക് ആരോഗ്യ മേഖലയില്‍ സവിശേഷമായ പ്രാധാന്യം നല്‍കി ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുന്നതിന് സര്‍ക്കാര്‍  നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും ഇത് തുടരുമെന്നും ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, നവീകരിച്ച വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടും  ടൂറിസം സാധ്യത ഏറെയുള്ള ജില്ലാ എന്നതുകൊണ്ടും ആരോഗ്യമേഖലയില്‍ കൃത്യമായ ആസൂത്രണത്തോടു കൂടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആരോഗ്യമേഖലയില്‍ ഇടമലക്കുടിയില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ ഈ സര്‍ക്കാരിന്  കഴിഞ്ഞുവെന്നും ഗോത്ര മേഖലയുമായി ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

താലൂക്ക് ആശുപത്രിയില്‍ ലേബര്‍ റൂം എന്ന ദീര്‍ഘകാലമായുള്ള നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്ലാവരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. താലൂക്ക് ആശുപത്രിയ്ക്ക് ഇനിയും വികസനം ആവശ്യമാണ്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്നും സ്ഥലം ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രികളില്‍ രോഗി സൗഹൃദവും ജന സൗഹൃദവുമായ അന്തരീക്ഷം ഉണ്ടാകണം. ഏറ്റവും മികച്ച ചികിത്സ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടാകണം.  ഒരാള്‍ക്ക് പോലും ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെ ചികിത്സ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാഴൂര്‍ സോമന്‍ എം എല്‍ എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പീരുമേട് തോട്ടം മേഖലയിലെ പ്രധാന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയായിട്ടാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രി വികസിപ്പിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന്  1988 ലാണ്  താലൂക്ക് ഹെഡ് ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയാക്കി ഉയര്‍ത്തിയത്.  തോട്ടം മേഖലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ പീരുമേട് താലൂക്ക് ആശുപത്രിയുടെ  വികസനം  ആവശ്യമായിരുന്നു. പൊതുജനങ്ങളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ്  ആശുപത്രിയില്‍ പ്രസവവാര്‍ഡും ഓപ്പറേഷന്‍ തീയേറ്ററും പണിയാന്‍ അനുമതി ലഭിച്ചത്.  ആശുപത്രിയില്‍ മേറ്റേണിറ്റി യൂണിറ്റ് ആരംഭിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി 5 കോടി 35 ലക്ഷം രൂപ അനുവദിക്കുകയും മെറ്റേണിറ്റി യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം 2015 ല്‍ ആരംഭിക്കുകയും ചെയ്തു. 2021 ഫെബ്രുവരി മാസത്തില്‍ ഗൈനക്കോളജി ഒ പി, മറ്റ് ഒ.പികള്‍, കാഷ്വാലിറ്റി എന്നിവയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ ആരംഭിച്ചു. ലേബര്‍ റൂമിന്റെയും ഓപ്പറേഷന്‍ തീയേറ്ററിന്റെയും,ലേബര്‍ വാര്‍ഡിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി അഴുത ബ്ലോക്ക് പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി 60 ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യകേരളം ഇടുക്കി ആഫീസ് മുഖേന 45 ലക്ഷം രൂപയും ചെലവഴിച്ചു.  കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനു അഴുത ബ്ലോക്ക് പഞ്ചായത്ത് ഡി.എം.ഒ ഡിപിഎം-എന്‍എച്ച്എം, എന്നിവിടങ്ങളില്‍ നിന്നും ഇടപെടലുകള്‍ നടത്തി ജീവനക്കാരെ നിയമിച്ചു. തോട്ടം മേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏക ആശ്രയമായ ആശുപത്രിയുടെ വികസനം പൂര്‍ണ്ണതയില്ലെത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് വാഴൂര്‍ സോമന്‍ എംഎല്‍എയുടെയും,  ജില്ലാ വികസന കമ്മീഷണര്‍ ആയിരുന്ന  അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍ നിരവധി അവലോകന യോഗങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.  

അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥി ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ. ടി. ബിനു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ് വര്‍ഗീസ് എസ്, താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനന്ത് എം, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ :പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍,ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്,നവീകരിച്ച വാര്‍ഡ്  എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണ ജോര്‍ജ് സംസാരിക്കുന്നു

പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍,ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്,നവീകരിച്ച വാര്‍ഡ്  എന്നിവയുടെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് വിളക്ക് തെളിയിച്ച് നിര്‍വഹിക്കുന്നു

പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

Tags