വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമ്പൂർണ വ്യക്തിത്വ വികാസം : ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് ഖിദ്മ ഇൻസ്പയർ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

shs

കണ്ണൂർ: സമ്പൂർണ വ്യക്തിത്വ വികാസമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത്. കണ്ണൂർ ചേമ്പർ ഹാളിൽ ഖിദ്മ ഇൻസ്പയർ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. എന്നാൽ, നരബലിയും കാഷയം നൽകിയുള്ള കൊലയുമെല്ലാം അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും നേർസാക്ഷ്യമാണ്. ഇത്തരം ദുഷിച്ച സംസ്കാരങ്ങളെ ചെറുക്കാൻ വിദ്യാഭ്യാസത്തിലൂടെ വരുംതലമുറക്ക് സാധിക്കണം. ലഹരി ഉപഭോഗവും കുട്ടികൾക്കുനേരെയുള്ള ലൈംഗീകാതിക്രമങ്ങളെല്ലാം നാൾക്കുനാൾ കൂടുകയാണ്. ഇത്തരം ദുഷ്പ്രവൃത്തികളിൽ നിന്നെല്ലാം അകറ്റി നിർത്താൻ ശരിയായ വിദ്യാഭ്യാസത്തിലൂടെ സാധിക്കണം. 

വ്യക്തമായ കാഴ്ച്ചപാ​ടോടെയുള്ള ദിഖ്മയുടെ ഇൻസ്പയർ വിദ്യാഭ്യാസ പദ്ധതി വലിയ പ്രതീക്ഷയാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്ന ഒരു പുതിയ വിദ്യാഭ്യാസ സംസ്കാരമായി ഇൻസ്പയർ പദ്ധതി മാറും.

സൗജന്യ ഡയാലിസസടക്കം നൽകി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ആരോഗ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സേവനം ശ്ലാഖനീയമാണ്. വൃക്കരോഗികൾക്കടക്കം സർക്കാർ ആശുപത്രികളിൽ സമയബന്ധിത ചികിത്സ അചിന്ത്യമായ സാചര്യമാണ്. ഈ സാചര്യത്തിൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണെന്നും ​അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ, സേവന മേഖലയിലേക്ക് പ്രതിഭാധനരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് വിദഗ്ദ പരിശീലനം നൽകി വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ആവിഷ്ക്കരിച്ചതാണ് ഖിദ്മ ഇൻസ്പയർ വിദ്യാഭ്യാസ പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ കോർപറേഷനിലെ 50 ഹൈസ്കൂൾ തല കുട്ടികൾക്ക് അഞ്ചു വർഷം നീളുന്ന പരിശീലനമാണ് പദ്ധതി.
ചടങ്ങിൽ  ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. ടി. സാലിം, നൗഷാദ് പൂതപ്പാറ എന്നിവർ ഇൻസ്​പെയർ പദ്ധതി വിശദീകരിച്ചു. മുഹമ്മദ് മുനീർ, ടി. റാശിദ് എന്നിവർ സംസാരിച്ചു. ഖിദ്മ ഇൻസ്​പെയർ ചെയർപേഴ്സൻ കെ.എം. സാബിറ ടീച്ചർ സ്വാഗതവും ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ബി.കെ. ഫസൻ നന്ദിയും പറഞ്ഞു.

റഷീദ് കൊടിയൂറ ക്ലാസെടുത്തു. ജസ്റ്റിസ് വിദ്യാർഥി ജീവിതത്തിലെ അനുഭവങ്ങൾ പങ്കിട്ട് ഇൻസ്പയർ കുട്ടികളുമായി സംവദിച്ചു. ഖിദ്മ ഇൻസ്പയറിൽ പരിശീലിച്ച് യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ജയിച്ച 28 വിദ്യാർഥികൾക്ക് ഉപഹാരം സമ്മാനിച്ചു.

Share this story