ഗാന്ധി പ്രതിമയുടെ തലവെട്ടിയ സി.പി. എം നടപടി ഫാസിസം:മാര്‍ട്ടിന്‍ ജോര്‍ജ്
Gandhi statue

കണ്ണൂര്‍:  മഹാത്മാ ഗാന്ധി പ്രതിമയുടെ തലവെട്ടിയ സി.പിഎമ്മിന്റെ രാഷ്ട്രീയസംസ്‌കാരം ആര്‍.എസ്.എസ് ഫാസിസത്തേയും കവച്ചു വെയ്ക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ കേവലമൊരു വികാരത്തിന്റെ പുറത്തല്ല, നേതൃത്വം അറിഞ്ഞുള്ള കൃത്യമായ ആസൂത്രണം അതിനു പിന്നിലുണ്ട്.  

സ്വര്‍ണകടത്തിലും ഡോളര്‍കടത്തിലും പ്രതിരോധത്തിലായ പിണറായി വിജയനേയും കുടുംബത്തേയും രക്ഷിച്ചെടുക്കാന്‍ വ്യാപക അക്രമങ്ങള്‍ നടത്തി ശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിനായി പാര്‍ട്ടിയുടെ ക്രിമിനല്‍ സംഘങ്ങളെ കയറൂരി വിട്ടിരിക്കുകയാണ്. എതിരാളികളുടെ തല വെട്ടി ശീലമുള്ള ഈ അക്രമിസംഘങ്ങള്‍ പയ്യന്നൂരില്‍ മഹാത്മജി പ്രതിമയുടെ തല വെട്ടിയതില്‍ അത്ഭുതമില്ല. അവര്‍ ശീലിച്ച സംസ്‌കാരമാണത്.


മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വധിക്കാന്‍ ശ്രമിച്ചെന്ന നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിച്ച് സംസ്ഥാനത്തുടനീളം അക്രമ തേര്‍വാഴ്ച നടത്തുകയാണ് സി.പി.എം. വിമാനത്തിനകത്ത് പ്രതിഷേധ മുദ്രാവാക്യം വിളിച്ചാല്‍ അത് വധശ്രമമായി വ്യാഖ്യാനിക്കുന്നവരുടെ മാനസികനില പരിശോധിക്കണം. വിമാനത്തിനകത്ത് ഗുണ്ടായിസം കാണിച്ചത് ഇ.പി ജയരാജനാണ്. മുദ്രാവാക്യം വിളിച്ചവരെ നിയമനടപടികള്‍ക്കു വിട്ടു കൊടുക്കുന്നതിനു പകരം അവരെ കടന്നാക്രമിച്ച ജയരാജന്റെ പേരിലാണ് വധശ്രമത്തിന് കേസെടുക്കേണ്ടത്.


വിമാനത്തിനകത്ത് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിരവധി കേസുകളില്‍ പ്രതിയെന്നാണ് എം.വി.ജയരാജന്റെ കണ്ടുപിടിത്തം. രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയില്‍ പ്രകടനം നടത്തിയാല്‍  കേസുകളുണ്ടാവുക സ്വാഭാവികമാണ്. എസ്.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ പോലെ ക്രിമിനല്‍ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയേണ്ട അവസ്ഥയൊന്നും ഇതുവരെ ജയരാജന്‍ പറയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനുണ്ടായിട്ടില്ല. ജയരാജന്റെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ മക്കളെ പോലെ  മയക്കുമരുന്നു കേസില്‍ ജയിലില്‍ പോകേണ്ടി വന്നിട്ടില്ല. 

പീഡനക്കേസിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധി നേടിയവരെ അധികാരസ്ഥാനങ്ങളിലിരുത്തി കൊണ്ടു നടക്കുന്ന എം.വി.ജയരാജന്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയസദാചാരം പഠിപ്പിക്കേണ്ട.
പയ്യന്നൂരില്‍ രക്തസാക്ഷി ധനരാജിനു വേണ്ടി ഫണ്ടു പിരിച്ച് തിരിമറി നടത്തിയതടക്കമുള്ള കോടികളുടെ വെട്ടിപ്പില്‍ എംഎല്‍എയെ വരെ തരംതാഴ്ത്തേണ്ടി വന്ന ഗതികേടിലാണ് സി.പിഎം. ഇത്തരം വിഷയങ്ങളെ മറച്ചു വെയ്ക്കാന്‍ കൂടിയാണ് പയ്യന്നൂരിലും പരിസരങ്ങളിലും സി.പി.എം വ്യാപകമായ അക്രമങ്ങളഴിച്ചു വിട്ടത്.


സി.പി.എമ്മിന്റെ ക്രിമിനലുകള്‍ അക്രമം തുടര്‍ന്നാല്‍ ജനാധിപത്യ രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധിക്കും. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തും പ്രവര്‍ത്തകരെ ആക്രമിച്ചും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കള്ളക്കടത്തു സംഘത്തിനെതിരായ പ്രക്ഷോഭത്തെ ഇല്ലാതാക്കിക്കളയാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ട. പ്രസ്ഥാനത്തെ വെല്ലുവിളിച്ച് സി.പിഎം ക്രിമിനലുകള്‍ അഴിഞ്ഞാട്ടം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സഹനത്തിന് പരിധിയുണ്ടെന്ന് സിപിഎം നേതൃത്വം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.


അക്രമം നടന്ന പയ്യന്നൂര്‍, തലശേരി, തളിപ്പറമ്പ് മേഖലകളില്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി. അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ നേതാക്കളായ സതീശന്‍ പാച്ചേനി, വി എ നാരായണന്‍,സജീവ് മറോളി,പി ടി മാത്യു,ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍,വി സി നാരായണന്‍,എം പി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Share this story