അക്കാദമിക് രംഗത്തെ നൂതന അവസരങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ പ്രാപ്തരാവണം:ഡോ. അസീം

google news
fags

കണ്ണൂര്‍:അക്കാദമിക രംഗത്തും കരിയര്‍ മേഖലയിലും തുറന്നു വരുന്ന നൂതനമായ സാധ്യതകള്‍ മനസ്സിലാക്കാനും ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികള്‍ പ്രാപ്തരാവണമെന്ന് ഹയര്‍ സെക്കന്ററി കരിയര്‍ ഗൈഡന്‍സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍  ഡോ. അസീം സി.എം. പത്താം ക്ലാസ് കഴിഞ്ഞാല്‍ ഇനിയെന്ത് എന്ന് ചിന്തിച്ചു തുടങ്ങുന്ന രീതി മാറണം. ഒഴുക്കിനൊത്ത് നീങ്ങുന്നതല്ല ഇനിയത്തെ കാലത്തെ കരിയര്‍ മേഖലകള്‍. 

പത്താം ക്ലാസിലെത്തുന്നതിന് മുമ്പെ അഭിരുചികള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. അഭിരുചി കണ്ടെത്താനുള്ള സാധ്യതകള്‍ അവര്‍ ഉപയോഗപ്പെടുത്തണം -ഡോ. അസീം പറഞ്ഞു. ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ വിഭാഗമായ ഇന്‍സ്പയറിന്റെ ശില്‍പശാല റോയല്‍ ഒമേഴ്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. അസീം.

കഴിവും താല്‍പര്യവും മേളിക്കുമ്പോഴാണ് സന്തോഷകരമായ കരിയര്‍ ഉണ്ടാവുന്നതെന്നും അത് സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോഴാണ് ജീവിത വിജയം കരഗതമാവുന്നതെന്നും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ഇംഗ്ലിഷ് വിഭാഗം മുന്‍ അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ മാനേജ്മെന്റ് വിദഗ്ദനുമായ ഡോ.ഇസ്മായില്‍ മരിതേരി അഭിപ്രായപ്പെട്ടു. ഇന്‍സ്പയറിന്റെ അഞ്ചു വര്‍ഷത്തെ തുടര്‍പരിശീലന പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ളില്‍ വ്യക്തിത്വ വികസനം, ആശയ വിനിമയം, പ്രസംഗം, നേതൃഗുണം തുടങ്ങിയ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച ശില്‍പശാലക്ക് ഡോ ഇസ്മായില്‍ മരിതേരി നേതൃത്വം നല്‍കി. 
ഖിദ്മ ചെയര്‍മാന്‍ ഡോ. പി സലീം അധ്യക്ഷത വഹിച്ചു.  ഇന്‍സ്പയര്‍ കണ്‍വീനര്‍ കെ.എം സാബിറ ടീച്ചര്‍, നൗഷാദ് പൂതപ്പാറ, ഖിദ്മ ജനറല്‍ സെക്രട്ടറി ബി.കെ ഫസല്‍, ടി. സാലിം തുടങ്ങിയവര്‍ പങ്കെടുത്തു. ഫാത്തിമ സുരയ്യ കവിത ആലപിച്ചു. വിദ്യാര്‍ത്ഥികളായ സഫ അശറഫ് സ്വാഗതവും ആദില്‍ ടി. ഐ നന്ദിയും പറഞ്ഞു.  

മീറ്റ് യുവര്‍ മെന്റര്‍ ചടങ്ങില്‍ അധ്യാപികമാരായ ബേബി സുധ,  ഹാജിറ ഗഫൂര്‍, സമീറ, ശര്‍മിന സമീര്‍, ജുനൈദ അഫ്സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റയീസ്, മുഹമ്മദ് അന്‍വര്‍, ടി അഹ്‌മദ്, ഖദീജ അബു, ഷമീന ബി.ടി, സാബിറ ഹാരിസ്, മുഹമ്മദ് അലി കെ, നസീര്‍, അഷ്റഫ് ഹാരിസ് കാടാങ്കണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags