വിവാദങ്ങളിലൂടെ നല്ല പ്രവൃത്തികളെ മൂടിവയ്‌ക്കുന്നു: എം മുകുന്ദൻ

google news
kdk

കണ്ണൂർ: അനാവശ്യ വിവാദങ്ങൾ ഉൽപ്പാദിപ്പിച്ച്‌ സർക്കാരിന്റെ നല്ല പ്രവൃത്തികളെ സമൂഹത്തിനുമുന്നിൽ മൂടിവയ്‌ക്കാൻ ശ്രമം നടക്കുന്നുവെന്ന്‌ എഴുത്തുകാരൻ എം മുകുന്ദൻ. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവത്തിലെ ആദരസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  നമ്മുടെ സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഒരുപാട്‌ നല്ലകാര്യങ്ങൾ ചെയ്തു. ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കി. പ്രളയത്തെയും നിപയെയും കോവിഡിനെയും നമ്മൾ അതിജീവിച്ചു. അത്ഭുതകരമായ പ്രവർത്തനങ്ങളാണ്‌ കാഴ്‌ചവച്ചത്‌. എന്നിട്ടും വിവാദങ്ങൾ തുടർച്ചയായി ഉൽപ്പാദിപ്പിക്കുകയാണ്‌. വിവാദങ്ങളല്ല, സംവാദങ്ങളാണുണ്ടാകേണ്ടത്–- മുകുന്ദൻ പറഞ്ഞു. 

   ആദരസമ്മേളനം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ മുഖ്യാതിഥിയായി.  സാഹിത്യ അക്കാദമി അവാർഡ്‌ ജേതാക്കളായ കവിയൂർ രാജഗോപാലൻ (സമഗ്ര സംഭാവന) ആർ രാജശ്രീ (നോവൽ) പ്രദീപ് മണ്ടൂർ (നാടകം) എന്നിവരെയാണ് ആദരിച്ചത്. ഡോ.എ എസ് പ്രശാന്ത് കൃഷ്ണൻ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി. വി കെ മധു എഡിറ്റു ചെയ്ത ‘ഇന്ത്യൻ സ്വാതന്ത്ര്യസമരം: ജനകീയ ധാരകൾ’ എന്ന പുസ്തകം കെ കെ ശൈലജ എം കെ  മനോഹരന് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ ‘എഴുത്തിലെ കാലവും ജീവിതവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

    ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, എം കെ രമേഷ് കുമാർ എന്നിവർ പങ്കെടുത്തു.  സുധ അഴീക്കോടൻ സ്വാഗതവും രഞ്ജിത് കമൽ നന്ദിയും പറഞ്ഞു. തുടർന്ന് തലശ്ശേരി താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.
   കൃഷ്ണൻ നടുവലത്തിന്റെ ‘സാദരം സൗമിത്രി’ എന്ന കവിതാസമാഹാരം കെ പി മോഹനൻ എം കെ മനോഹരനു നൽകി പ്രകാശനം ചെയ്തു. നജീബ് കാഞ്ഞിരോടിന്റെ ‘ചോര’ കുറ്റാന്വേഷണ നോവൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ കെ പി മോഹനനു നൽകിയും ഷാജു പാറക്കലും റസിയ എ പിയും ചേർന്ന് എഴുതിയ ‘പ്രണയ കൽപ്പിതം’ കവിതാ സമാഹാരം വീരാൻ കുട്ടി കെ ടി ബാബുരാജിന് നൽകിയും പ്രകാശിപ്പിച്ചു. 

ഇ പി കുഞ്ഞമ്പുവിന്റെ ‘അന്തക്കാലം’ ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം നാരായണൻ കാവുമ്പായി നിർവഹിച്ചു. പി കെ വിജയൻ ഏറ്റുവാങ്ങി. ഗീതാ തോട്ടത്തിന്റെ ‘അശിരീരികളുടെ ആനന്ദം’ നോവൽ കെ അഖിൽ രഞ്ജിത് കമലിനു നൽകി പ്രകാശനം ചെയ്തു. പി ജനാർദനൻ നന്ദി പറഞ്ഞു.

Tags