ടോള്‍ പ്ലാസയില്‍ സംഘര്‍ഷം ; നാല് ടോള്‍ ജീവനക്കാര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്ക്

google news
ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും ഏറ്റുമുട്ടി. നാല് ടോള്‍ ജീവനക്കാര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെയും രാവിലെ എട്ടരയ്ക്കുമാണ് സംഘര്‍ഷം നടന്നത്. ഫാസ്ടാഗില്‍ പണമില്ലെന്ന കാരണത്താല്‍ വാഹനം കടത്തിവിടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പുലര്‍ച്ചെ കോയമ്പത്തൂര്‍ ഉക്കടത്തുനിന്ന് ആലപ്പുഴയ്ക്ക് കുടുംബവുമായി പോയ കാര്‍ യാത്രക്കാരുമായാണ് ആദ്യം തര്‍ക്കമുണ്ടായത്. ഇവരുടെ ടാഗില്‍ ആവശ്യത്തിനുള്ള തുക ഇല്ലെന്നായിരുന്നു ടോള്‍ അധികൃതരുടെ വാദം. ഇരട്ടി തുക നല്‍കണമെന്ന് ടോള്‍ അധികൃതര്‍ നിലപാടെടുത്തതോടെയാണ് സംഘര്‍ഷം നടന്നത്.

ഫാസ്ടാഗില്‍ ആവശ്യത്തിനുള്ള തുക ഉണ്ടായിട്ടും വാഹനം തടഞ്ഞിട്ട് ജീവനക്കാര്‍ അസഭ്യം പറഞ്ഞുവെന്നാണ് കാര്‍ യാത്രക്കാരുടെ പരാതി. ടോള്‍ ജീവനക്കാര്‍ കൂട്ടമായെത്തി കമ്പികൊണ്ട് മര്‍ദിച്ചുവെന്ന് കാര്‍ യാത്രക്കാരനായ ഫൈസല്‍ പറഞ്ഞു. സഹോദരനെയും അമ്മയെയും സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പറയുന്നു.

പരുക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അതേ സമയം കാര്‍ യാത്രക്കാരുടെ മര്‍ദനത്തില്‍ നാല് ടോള്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റതായി കമ്പനി അധികൃതര്‍ പറഞ്ഞു.  മൂക്കിന് ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയ്ക്കും സമാനമായ രീതിയില്‍ സംഘര്‍ഷം നടന്നു. എന്നാല്‍ ഇരു കൂട്ടരും പരാതി നല്‍കിയില്ല.

Tags