അഴീക്കല്‍ തുറമുഖത്ത് ഉരുവെത്തി : ലക്ഷദ്വീപിലേക്ക് ചുരുങ്ങിയ ചെലവിലേക്ക് ചരക്ക് നീക്കത്തിന്‌ വ്യാപാരികളെ ക്ഷണിച്ച് തുറമുഖ അധികൃതര്‍

fgh

കണ്ണൂര്‍:അഴീക്കല്‍ തുറമുഖത്തുനിന്ന് ലക്ഷ്വദ്വീപിലേക്ക് സ്ഥിരം ചരക്കുനീക്കം നടത്താന്‍ അഴീക്കലില്‍ ഉരു നങ്കൂരമിട്ടു. പ്രൈം മെറിഡിയന്‍ ഷിപ്പിംഗ് കമ്പനിയുടെ എം എസ് വി ജല്‍ജ്യോതി ഉരുവാണ് ഗുജറാത്തില്‍ നിന്നും എത്തിയത്. ചരക്ക് ലഭിക്കുന്നതനുസരിച്ച് സര്‍വ്വീസ് ആരംഭിക്കും.

സര്‍വ്വീസ് അഴീക്കല്‍ തുറമുഖ വികസനത്തിന് കുതിപ്പേകുമെന്നും ചരക്ക് കയറ്റി അയക്കാനുള്ള കച്ചവടക്കാര്‍ തുറമുഖ ഓഫീസുമായി ബന്ധപ്പെടണമെന്നും ഉരു സന്ദര്‍ശിച്ച കെ വി സുമേഷ് എം എല്‍ എ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴീക്കലില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഉരു ഉപയോഗിച്ച് ചരക്ക് നീക്കം നടത്തിയിരുന്നു. ഇതാണ് എം എല്‍ എയുടെ ഇടപെടലിലൂടെ പുനരാരംഭിക്കുന്നത്.

നിര്‍മ്മാണ സമഗ്രികളായ കല്ല്, ജില്ലി, കമ്പി, സിമന്റ് തുടങ്ങിയവയാണ് പ്രധാനമായും കൊണ്ടുപോവുക. തേങ്ങ, കൊപ്ര, ഉണക്ക മീന്‍ എന്നിവ തിരിച്ചും കൊണ്ടുവരും. മൂന്ന് കിലോമീറ്റര്‍ അകലെ റെയിവെ സ്റ്റേഷനും വളപട്ടണത്ത് സിമന്റ് കമ്പനി ഗോഡൗണും ഉള്ളത് ചരക്ക് നീക്കത്തിന്റെ സാധ്യത വര്‍ധിപ്പിക്കും. നിലവില്‍ ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് ദ്വീപിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്.
മംഗലാപുരത്തെ അപേക്ഷിച്ച് ദൂരം കുറവായതില്‍ ഇവിടെ നിന്നുള്ള ചരക്ക് നീക്കത്തിന് ചെലവ് കുറയും. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും ലഭിക്കും. ബേപ്പൂരില്‍ നിന്നുള്ള അതേ ദൂരമാണ് അഴീക്കലില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ളത്. ചരക്ക് ലഭിക്കാന്‍ അഴീക്കല്‍ തുറമുഖ ഉദ്യോഗസ്ഥര്‍, കമ്പനി ഡയറക്ടര്‍മാര്‍ എന്നിവര്‍ ജില്ലയിലെ കച്ചവടക്കാരുമായി ചര്‍ച്ച നടത്തി.

282 ടണ്‍ ശേഷിയുള്ള ഉരു 24 മണിക്കൂര്‍ കൊണ്ടാണ് ദ്വീപില്‍ എത്തുക. താരതമ്യേന വേഗത കൂടുതലുള്ളതിനാല്‍ മണിക്കൂറില്‍ ഏഴ് നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കും. ക്യാപ്റ്റന്‍ ആറൂണ്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ എന്‍ജിനീയറടക്കം ആറ് ജീവനക്കാരാണ് ഉണ്ടാവുക. ചരക്ക് നീക്കത്തിന് ഇവിടം സൗകര്യപ്രദമാണെന്നും കൂടുതല്‍ സാധനങ്ങള്‍ ലഭിച്ചാല്‍ മാലിദ്വീപ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപേകുമെന്നും ഷിപ്പിംഗ് കമ്പനി ഡയറക്ടര്‍ നന്ദു മോഹന്‍ പറഞ്ഞു.

അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടങ്കര, ടഗ് മാസ്റ്റര്‍ എം റിജു, പ്രൈം മെറിഡിയന്‍ ഷിപ്പിംഗ് കമ്പനി ഡയറക്ടര്‍ സുജിത്ത് പള്ളത്തില്‍, പി.പവിത്രന്‍ എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

Share this story