കുഷ്ഠരോഗ നിർണയത്തിനായി 'അശ്വമേധം' ആരംഭിച്ചു ; തുടക്കം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന്

uygtfh

കോട്ടയം: സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തി ചികിത്സിച്ച് കുഷ്ഠരോഗം പൂർണമായും നിർമാർജനം ചെയ്യുക എന്ന  ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാം ഘട്ട 'അശ്വമേധം' പ്രചാരണ പരിപാടിക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്തിന്റെ തൃക്കൊടിത്താനത്തെ വീട്ടിൽ നടത്തിയ പരിശോധനയോടെയാണു തുടക്കം കുറിച്ചത്.

പരിശോധനാസംഘത്തിന് ഡെപ്യൂട്ടി ഡി.എം.ഒ: ഡോ: പി.എൻ വിദ്യാധരൻ നേതൃത്വം നൽകി. തൊലിപ്പുറത്ത് കാണുന്ന പാടുകൾ, തടിപ്പുകൾ എന്നിവ അവഗണിക്കരുതെന്നും കുഷ്ഠരോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ സങ്കീർണതകളിൽനിന്നു രക്ഷനേടാനാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓർമ്മിപ്പിച്ചു.

തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജാൻസി മാർട്ടിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സന്ധ്യാ ബിനു, ഉഷാ രവീന്ദ്രൻ, ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ടി കെ ശ്രീകുമാർ, തൃക്കൊടിത്താനം മെഡിക്കൽ ഓഫീസർ ഡോ ഷീജ ഫിലിപ്പ്, എന്നിവർ പങ്കെടുത്തു.

കുഷ്ഠരോഗം  പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. ജനുവരി 31 വരെ 14 ദിവസം കൊണ്ട് ജില്ലയിലെ എല്ലാ വീടുകളും  ആശാപ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് കുടുംബാംഗങ്ങങ്ങളുടെ തൊലിപ്പുറത്തെ പാടുകൾ പരിശോധിച്ച് ഡോക്ടർമാർക്ക് റിപ്പോർട്ട് നൽകും. സംശയകരമായ പാടുകൾ ഡോക്ടർമാർ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകും.
 

Share this story