അഷ്ടമുടിക്കായല്‍ സംരക്ഷിക്കാന്‍ കര്‍മ്മപദ്ധതി വേണം : നിയമസഭാ സമിതി
ashttamudi

കൊല്ലം : അഷ്ടമുടിക്കായലില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിന് ബഹുമുഖ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന്  നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തിലാണ് നിര്‍ദേശം.

കായലുമായി അതിര്‍ത്തിപങ്കിടുന്ന പഞ്ചായത്തുകള്‍ മാലിന്യസംസ്‌കരണത്തിന്  യുദ്ധകാലടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കണം. കക്കൂസ്-അറവുശാല-ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ കായലില്‍ തള്ളുന്നത് തടയാന്‍ കര്‍ശന നടപടി വേണം. മണ്‍റോതുരുത്തില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫ്‌ളോട്ടിംഗ് സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണം. നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ ഇ. കെ. വിജയന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന   യോഗത്തില്‍ വിവിധ വകുപ്പുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

കായല്‍ പരിസരത്തെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച്  സംസ്‌കരിക്കുന്നതിനായി  കൂടുതല്‍ ഹരിതകര്‍മസേന അംഗങ്ങളെ സജ്ജമാക്കും. വീടുകളിലെയും ബോട്ടുകളിലെയും കക്കൂസ്മാലിന്യ നിര്‍മാര്‍ജനത്തിന് സീവേജ് പ്ലാന്റുകള്‍ നിര്‍മിക്കും. വീടുകളില്‍ സെപ്റ്റിക് ടാങ്കുകള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നിര്‍മിച്ച് നല്‍കും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു.

കായല്‍സംരക്ഷണ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതിയും  വിലയിരുത്തി. കായല്‍മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് കോട്ടം വരുന്നുവെന്ന് പരാതി ലഭിച്ചതിനാല്‍ അത്തരം സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനായി  ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. കായലിന് ചുറ്റുമുള്ള ജലസ്രോതസ്സുകളിലെ വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിനെയും മാലിന്യസംസ്‌കരണത്തിനായി സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി.
ജില്ലയിലെ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും നിവേദനങ്ങളും  സ്വീകരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരം, കുരീപ്പുഴ ചണ്ടിഡിപ്പോ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളില്‍  അംഗങ്ങളും എം.എല്‍.എമാരുമായി കെ. ഡി. പ്രസേനന്‍, യു. പ്രതിഭ എന്നിവരും ഉദ്യോഗസ്ഥരും  സന്ദര്‍ശനം  നടത്തി.

സമിതി അംഗം ജോബ് മൈക്കിള്‍ എം.എല്‍.എ,   ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, എ.ഡി.എം  ബീനറാണി, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ഡെപ്യൂട്ടി കലക്ടര്‍  ബി. ജയശ്രീ,  പരിസ്ഥിതി നോഡല്‍ ഓഫീസര്‍ ബി. ശ്രീകുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share this story