സംസ്ഥാനത്തെ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റമാണ് ലഹരിവിരുദ്ധ ബോധവത്ക്കരണം: മന്ത്രി കെ. എന്‍ ബാലഗോപാല്‍

zxcvb

കൊല്ലം :  സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ സാമൂഹിക മുന്നേറ്റമാണ് ലഹരിവിരുദ്ധ ബോധവത്ക്കരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. എഴുകോണ്‍ ശ്രീ നാരായണഗുരു സെന്‍ട്രല്‍ സ്‌കൂളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണം ജില്ലാതല പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ലഹരി വിമുക്തമാക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെയാണ് ഈ വലിയ ക്യാമ്പയിന്‍ വഴി ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്തുന്നത്. ക്യാമ്പയിന്റെ ഒരു ഘട്ടത്തിന്റെ സമാപനവും മറ്റൊരുഘട്ടത്തിന്റെ തുടക്കവുമാണിത്. ഏറ്റവും മോശപ്പെട്ട വ്യവസായമാണിത്.  കിരാതമായ കൊലപാതകങ്ങള്‍ക്കും മയക്ക് മരുന്ന് കാരണമാകുന്നു.  ലഹരിയുടെ അപകടങ്ങള്‍ തിരിച്ചറിയുന്നതിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുതല്‍ ബോധവത്ക്കരണം അനിവാര്യമാണ്. കുട്ടികള്‍ അപകടങ്ങള്‍ തിരിച്ചറിയുകയും മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യണം. മറ്റുള്ളവരെ മാറ്റിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്തവും  ഏറ്റെടുക്കണം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശികനിരീക്ഷണം ശക്തമാക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനൊപ്പം സമാധാനജീവിതവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വി. റോബര്‍ട്ട് ക്ലാസ് നയിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. എസ് ശിവപ്രസാദ് അധ്യക്ഷനായി. എഴുകോണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോണ്‍സണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ. സുരേഷ് കുമാര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ എന്‍. അജയബാബു, പ്രിന്‍സിപ്പല്‍ പ്രിയ രാജന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share this story