ഗുരുവായൂര്‍ ക്ഷേത്രത്തിൽ ക്ലോക്ക്‌റൂമില്‍ സൂക്ഷിക്കാനേല്‍പ്പിച്ച ബാഗ് കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍
arrest

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തര്‍
ക്ലോക്ക്‌റൂമില്‍ സൂക്ഷിക്കാനേല്‍പ്പിച്ച ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്തയാളെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാമ്പാടി വേലംപ്ലാക്കല്‍ വീട്ടില്‍ 52 വയസുള്ള ഷാജി എന്ന് വിളിക്കുന്ന അനില്‍കുമാറാണ് പിടിയിലായത്. 

കൊല്ലം സ്വദേശിനി വിജി ലേഖയുടെ ബാഗാണ് ഇയാളുടെയെന്ന വ്യാജേന കൈക്കലാക്കിയത്. കഴിഞ്ഞ 10നാണ് ഇവരുടെ ബാഗ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി ക്ഷേത്രപരിസരത്ത് കറങ്ങിനടന്ന് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. തലേ ദിവസം ക്ലോക്ക് റൂമില്‍ സൂക്ഷിക്കാനേല്‍പ്പിച്ച വസ്ത്രം പ്രതി വാങ്ങിയിരുന്നില്ല. 

ക്ലോക്ക് റൂമില്‍ സൂക്ഷിക്കാനേല്‍പ്പിക്കുന്ന സാധനങ്ങള്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഉടമ വന്നില്ലെങ്കില്‍ നടത്തിപ്പുകാര്‍ എടുത്തു മാറ്റുന്ന രീതിയാണ് നിലവിലുള്ളത്. ഇത് മനസിലാക്കിയ പ്രതി പിറ്റേന്ന് ടോക്കണുമായി വന്നപ്പോള്‍ വിജിയുടെ നമ്പറില്‍ ഉണ്ടായിരുന്ന ബാഗ് വാങ്ങിപ്പോകുകയായിരുന്നു. അതീവ ജാഗ്രതയോടെ ജോലി ചെയ്യേണ്ട വിഭാഗമായ ക്ലോക്ക് റൂമിലെ ജീവനക്കാരുടെ അനാസ്ഥയാണ് ഇങ്ങനെയുണ്ടാകാനിടവന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ബാഗ് നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതി പ്രകാരം പോലീസ് നിരീക്ഷണ കാമറ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നടത്തിപ്പുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കിഴക്കേനടയിലെ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രതി പിടിയിലാകുന്നത്. നഷ്ടപ്പെട്ട ബാഗ് കണ്ടെടുക്കാനായില്ല. 

വില്‍പ്പനയ്ക്കായി മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ബാഗ് കണ്ടെടുക്കുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this story