ശീതകാലത്ത് ചർമ്മം സംരക്ഷിക്കാം
ശീതകാലം എന്നാൽ വരണ്ടതും തണുപ്പുള്ളതുമായ കാലാവസ്ഥയാണ്. ഇത് ചർമത്തെ വരണ്ടതും അടരുകളുള്ളതുമാക്കുന്നു. കൂടാതെ, ചൊറിച്ചിലും കണ്ടുവരുന്നു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമസംരക്ഷണത്തിന്റെ ദിനചര്യകളിലും മാറ്റംവരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് തണുപ്പുകാലത്ത് ചർമത്തിന് കൂടുതൽ ശ്രദ്ധ നൽകണം. വരണ്ട ചർമമുള്ളവർക്ക് ഏറ്റവും മോശം കാലമാണ് ശൈത്യകാലം. എക്സിമ, സോറിയാസിസ്, ഇക്തിയോസിസ് തുടങ്ങിയ ചർമരോഗങ്ങൾ ശൈത്യകാലത്ത് കൂടുതൽ വഷളാകുന്നു.
വരണ്ട ചർമത്തിന്റെ കാരണങ്ങൾ
ഈർപ്പം കുറവുള്ള തണുത്ത കാറ്റ് നമ്മുടെ ചർമത്തിൽനിന്ന് ഈർപ്പം പുറത്തെടുക്കുന്നു. ചൂടു വെള്ളത്തിലെ കുളിയും കാഠിന്യമുള്ള സോപ്പും ചർമത്തിന്റെ സ്വാഭാവിക സംരക്ഷണവലയത്തെ നശിപ്പിക്കുന്നു. തണുപ്പുകൂടുമ്പോൾ ദാഹമില്ലായ്മ അനുഭവപ്പെടുന്നതുമൂലം ജല ഉപഭോഗം കുറയുന്നതും വരണ്ട ചർമത്തിന് കാരണമാകുന്നു.
ചില നുറുങ്ങുകൾ
കുളിക്കാൻ മൃദുവായ ബോഡി ക്ലെൻസറുകളോ മോയ്സ്ചറൈസിങ് സോപ്പുകളോ ഉപയോഗിക്കുക. കുളിക്കാൻ ഇളം ചൂടുവെള്ളം ഉപയോഗിക്കുക. ദീർഘനേരം കുളിക്കുന്നത് ഒഴിവാക്കുക. കുളി കഴിഞ്ഞ് ഉടൻ ചർമത്തെ മോയ്സ്ചറൈസ് ചെയ്യുക. ചെറുതായി നനഞ്ഞ ചർമത്തിൽ ദിവസത്തിൽ രണ്ടുതവണയെങ്കിലും മോയ്സ്ചറൈസിങ് ക്രീം പുരട്ടുക. ചർമത്തെ പോഷിപ്പിക്കാനും ഈർപ്പം നിലനിർത്താനും ഹൈലൂറോണിക് ആസിഡ്, സെറാമൈഡുകൾ, അവശ്യ എണ്ണകൾ എന്നിവ അടങ്ങിയ മോയ്സ്ചറൈസറുകൾ തിരഞ്ഞെടുക്കുക. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് നമ്മുടെ ചർമത്തെ സംരക്ഷിക്കാൻ വർഷം മുഴുവനും കുറഞ്ഞത് 50SPF ഉള്ള സൺസ്ക്രീൻ പ്രയോഗിക്കേണ്ടത് അത്യാവശ്യമാണ്.
ചുണ്ട് സംരക്ഷണം
മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടുപോകുകയും വിണ്ടുകീറുകയും ചെയ്യും. ഒരു സെറബിന്റെ സഹായത്തോടെ നിങ്ങൾക്ക് ചുണ്ടുകളെ സംരക്ഷിക്കാം. ഷിയ ബട്ടർ അല്ലെങ്കിൽ തേനീച്ച മെഴുക് അടങ്ങിയ മോയ്സ്ചറൈസിങ് ലിപ് ബാം പുരട്ടുക. ചുണ്ടുകൾ നനക്കുന്നത് ഒഴിവാക്കുക. കാരണം ഇത് വരൾച്ച വർധിപ്പിക്കും.
കൈകളുടെയും കാലുകളുടെയും സംരക്ഷണം
വിണ്ടുകീറിയ കുതികാൽ, വരണ്ട കൈകൾ എന്നിവ മഞ്ഞുകാലത്ത് സാധാരണമാണ്. ഇളം ചൂടുവെള്ളത്തിൽ കൈകാലുകൾ മുക്കുക. അതിനുശേഷം 10 ശതമാനം യൂറിയ അടങ്ങിയ കട്ടിയുള്ള മോയ്സ്ചറൈസിങ് ക്രീം പുരട്ടുക. കോട്ടൺ സോക്സും കൈയുറകളും ധരിക്കുന്നത് നല്ലതാണ്. പാത്രം കഴുകുന്ന കഠിനമായ ദ്രാവകങ്ങളും ഒഴിവാക്കുക.
ഭക്ഷണം
ശൈത്യകാലത്ത് ദാഹം കുറവാണെങ്കിലും ചർമത്തിലെ ജലാംശം നിലനിർത്താൻ കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. ട്യൂണ, മത്തി, സാൽമൺ, വാൽനട്ട്, സോയാ ബീൻസ്, ഫ്ലാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ-ഇയും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.