മഴക്കാലത്ത് ചർമ്മത്തിന് സംരക്ഷണം നൽകാം ഇങ്ങനെ..
വേനൽക്കാലത്ത് മാത്രമല്ല മഴക്കാലത്തും വളരെ പ്രധാനപ്പെട്ടതാണ് ചർമ്മ സംരക്ഷണം. കാരണം മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കും. ഇത് അഴുക്കും പൊടിയും എളുപ്പത്തില്‍ ചര്‍മ്മത്തില്‍ ഒട്ടിപ്പിടിക്കുന്നതിന് കാരണമാകും. ഇങ്ങനെ സംഭവിക്കുന്നത് പല ചർമ്മ പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും.
ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നല്ല ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകി ചര്‍മ്മം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ദിവസത്തില്‍ രണ്ടുതവണ ഹെര്‍ബല്‍ ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. നീം(വേപ്പ്), ടീ ട്രീ ഓയില്‍ എന്നീ ചേരുവകള്‍ അടങ്ങിയ ക്ലെന്‍സറുകളാണ് നല്ലത്. കാരണം ഇവയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. അത് മുഖക്കുരു വരാതെ ചര്‍മ്മത്തെ സംരക്ഷിക്കും.
കൂടാതെ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും നിറം മെച്ചപ്പെടുത്താനും ഓട്‌സും തൈരും അല്ലെങ്കില്‍ കടലമാവും പാലും ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുന്നതും വളരെ നല്ലതാണ്. ഇതൊന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ വീര്യം കുറഞ്ഞ സ്‌ക്രബ്ബുകള്‍ ഉപയോഗിക്കാം.
അന്തരീഷത്തില്‍ ഈര്‍പ്പം കൂടുന്നത് മുഖത്ത് അധികമായി സെബം ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ ഇടയാക്കും. ഇത് മുഖക്കുരു ഉണ്ടാക്കും. അതിനാൽ ചാര്‍ക്കോള്‍, അരിപ്പൊടി, ചോളപ്പൊടി, കടലമാവ് എന്നിവ ഉപയോഗിച്ച് ഫേസ് മാസ്‌കുകള്‍ തയ്യാറാക്കി മുഖത്ത് ഉപയോഗിക്കുക. ഇവ മുഖത്തെ അധിക എണ്ണ നീക്കം ചെയ്യുകയും മുഖത്തെ അഴുക്ക് നീക്കം ചെയ്യുകയും ചെയ്യുന്നു. മുള്‍ട്ടാണി മിട്ടിയും ചന്ദനപ്പൊടിയും റോസ് വാട്ടറും കൂടി മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും നല്ലതാണ്. എണ്ണ നീക്കം ചെയ്യുന്ന ഫെയ്‌സ് മാസ്‌കുകളും ക്ലേ മാസ്‌കുകളും വാങ്ങി ഉപയോഗിക്കുകയും ചെയ്യാം.
മഴക്കാലമായാലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ മേഘങ്ങള്‍ക്കിടയിലൂടെയും താഴേക്ക് വരും. അതിനാല്‍ മഴക്കാലത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 30 SPF ഉള്ള ബ്രോഡ് സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക. കൂടാതെ, നിശ്ചിത മണിക്കൂറുകള്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക. വീട്ടിലാണെങ്കില്‍ പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്.
കട്ടി കുറഞ്ഞ, ഒട്ടിപ്പിടിക്കാത്ത മോയ്‌സ്ചുറൈസറുകള്‍ ചര്‍മ്മാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മഴക്കാലമായാലും ഇവ മറക്കാതെ ഉപയോഗിക്കണം. കറ്റാര്‍വാഴ, വൈറ്റമിന്‍-ഇ, ഗ്ലിസറിന്‍ അല്ലെങ്കില്‍ വെള്ളരിക്ക തുടങ്ങി ചര്‍മ്മത്തിന് ജലാംശം നല്‍കുന്ന ജെല്‍ രൂപത്തിലുള്ള മോയ്‌സ്ചുറൈസറുകള്‍ ആണ് മഴക്കാലത്ത് നല്ലത്. അവ ചര്‍മ്മത്തിന് പോഷണവും നല്‍കുന്നു.