നോണ്‍സ്റ്റിക് പാത്രങ്ങളിലെ അപകടം ; പഠനം പറയുന്നത്

google news
nonstick

നോണ്‍സ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും ഭാവിയില്‍ ക്യാൻസര്‍ സാധ്യത വരെ ഉണ്ടാക്കാമെന്നുമെല്ലാം നിങ്ങളൊരുപക്ഷേ, പറഞ്ഞുകേട്ടിട്ടുണ്ടാകാം. ഇതെല്ലാം വ്യാജപ്രചാരണങ്ങളായിരിക്കുമെന്ന രീതിയിലാണ് മിക്കവരും എടുക്കാറ്. എന്നാലീ പ്രചാരണങ്ങളിലും അല്‍പം സത്യമുണ്ടെന്ന് വാദിക്കുകയാണ് പുതിയൊരു പഠനം.

'ഫോറെവര്‍ കെമിക്കല്‍സ്' എന്നറിയപ്പെടുന്ന പെട്ടെന്നൊന്നും എങ്ങും ലയിച്ച് ഇല്ലാതായിപ്പോകാത്ത രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പാത്രങ്ങള്‍ ക്രമേണ കരള്‍ ക്യാൻസറിന് കാരണമായേക്കാമെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍. 'യൂണിവേഴ്സിറ്റി ഓഫ് സത്തേണ്‍ കാലിഫോര്‍ണിയ'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

പാത്രങ്ങളില്‍ മാത്രമല്ലത്രേ ഇത്തരത്തിലുള്ള 'ഫോറെവര്‍ കെമിക്കലുകള്‍' അടങ്ങിയിട്ടുള്ളത്. പല അടുക്കള ഉപകരണങ്ങള്‍, വാട്ടര്‍പ്രൂഫ് ക്ലോത്തിംഗ്, ഷാമ്പൂ, ക്ലീനിംഗ് ഉത്പന്നങ്ങള്‍ തുടങ്ങി ടാപ് വെള്ളത്തില്‍ വരെ ഇവ കണ്ടെത്തപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.

ഈ കെമിക്കലുകള്‍ പതിവായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 4.5 മടങ്ങ് കരള്‍ ക്യാൻസറിന് സാധ്യത കൂടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

'കരള്‍ രോഗങ്ങളില്‍ തന്നെ ഏറ്റവും ഗുരുതരമായിട്ടുള്ളതാണ് കരള്‍ ക്യാൻസര്‍. നമ്മള്‍ നിത്യജീവിത്തലുപയോഗിക്കുന്ന പല സാധനങ്ങളും ക്രമേണ ഈ രോഗത്തിലേക്ക് നമ്മെ നയിക്കാമെന്ന വിവരം പങ്കുവയ്ക്കുന്ന ആദ്യ പഠനമായിരിക്കും ഇത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജെസ്സി ഗുഡ്റിച്ച് പറയുന്നു.

ഇതിനോടകം തന്നെ എത്രയോ പേരില്‍ 'ഫോറെവര്‍ കെമിക്കലുകള്‍' രോഗസാധ്യത വിതച്ചുകാണുമെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന ഒരാശങ്ക. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വരേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. കെമിക്കലുകള്‍ കരളിലെത്തിയ ശേഷം കരളിന്‍റെ പ്രവര്‍ത്തനം തടസപ്പെടുകയും പിന്നീട് ഇത് കരള്‍വീക്കത്തിലേക്ക് പോവുകയും ഇത് ക്യാൻസറസായി മാറുകയും ചെയ്യുകയാണെന്ന് പഠനം വിശദീകരിക്കുന്നു.

നേരത്തെ അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളെ കുറിച്ചും ഒരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വഡോദരയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരായിരുന്നു ഈ പഠനം നടത്തിയത്.

Tags