പ്രണയം വിവാഹത്തിലെത്തുമ്പോള്‍ ബന്ധത്തില്‍ വിള്ളൽ സംഭവിക്കുന്നു;ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

google news
depression

 


പ്രണയിച്ചുനടന്നിരുന്ന കാലത്ത് എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു? എങ്ങനെയൊക്കെ പുകഴ്ത്തിയിരുന്നു, എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയിരുന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞപ്പോള്‍ ഒന്നുമില്ല! - ഇങ്ങനെ പരാതിപ്പെടുന്നവരെ കണ്ടിട്ടില്ലേ? പ്രത്യേകിച്ച് സ്ത്രീകള്‍ തന്നെയാണ് ഈ രീതിയില്‍ പരാതികള്‍ ഉന്നയിക്കാറ്.

മിക്കവാറും സ്ത്രീകള്‍ ഇത്തരത്തില്‍ പരാതികള്‍ പറയുമ്പോള്‍ പുരുഷന്മാര്‍ അവരെ പരിഗണിക്കാതിരിക്കുകയോ, എപ്പോഴും പരാതി പറയുന്നതില്‍ കുറ്റപ്പെടുത്തുകയോ ആണ് ചെയ്യുന്നത്. എന്നാലിതെല്ലാം ബന്ധത്തില്‍ അകല്‍ച്ചയുണ്ടാക്കുകയേ ഉള്ളൂ.

പ്രണയം വിവാഹത്തിലെത്തുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ബന്ധം സദൃഢമായും സന്തോഷത്തോടെയും പോകാൻ നിസാരമായ ചില കാര്യങ്ങള്‍ മാത്രം നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അത്തരത്തില്‍ ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രമുഖ ലൈഫ് കോച്ചായ മീത്ത സിന്‍ഹയാണ് ഈ ടിപ്സ് പങ്കുവച്ചിരിക്കുന്നത്.

ഒന്ന്.

ദാമ്പത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളുമെല്ലാം സ്വാഭാവികമാണ്. ഇത് പ്രണയത്തെ തുടര്‍ന്നുള്ള വിവാഹത്തിലും അങ്ങനെ തന്നെ.  എന്നാല്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ എപ്പോഴും ശ്രദ്ധിക്കണം. പങ്കാളിയില്‍ എല്ലാ കാലത്തേക്കും മുറിവായി കിടക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. വഴക്കിടുമ്പോള്‍ എങ്ങനെയാണ് സംസാരിക്കുന്നത് എന്നത് പരസ്പരം മനസിലാക്കുക. അത് വഴക്കിന്‍റെ ഭാഗമാണെന്ന രീതിയില്‍ ഉള്‍ക്കൊള്ളുകയും വേണം. വൈകാരികമായി പ്രശ്നത്തിലായിരിക്കുമ്പോള്‍ പങ്കാളിക്ക് എന്താണ് വേണ്ടതെന്ന് അറിയാൻ സാധിക്കണം. ചിലപ്പോള്‍ ഒരു കെട്ടിപ്പിടുത്തമാകാം അത്. അല്ലെങ്കിലൊരു ചോക്ലേറ്റ്, അതുമല്ലെങ്കില്‍ സ്നേഹത്തില്‍ പൊതിഞ്ഞ ഒരു മെസേജ്. അങ്ങനെ എന്തുമാകാം ഇത്. 

രണ്ട്.

ഏത് സാഹചര്യത്തിലും പരസ്പരം മാപ്പ് നല്‍കാനും ഉള്‍ക്കൊള്ളാനും കഴിയണം. അല്ലാത്തപക്ഷം ആ ബന്ധം ആരോഗ്യകരമല്ലെന്ന് വേണം തിരിച്ചറിയാൻ. 'സോറി' പറഞ്ഞ് ശീലിക്കുകയും അത് സ്വീകരിച്ച് ശീലിക്കുകയും വേണം. എങ്കിലേ ബന്ധം ശക്തിപ്പെടൂ. 

മൂന്ന്.

പങ്കാളിയെ പ്രശംസിക്കുന്നതില്‍ പിശുക്ക് കാണിക്കേണ്ട കാര്യമില്ല. ഓരോ വ്യക്തിയും ഉന്മേഷത്തോടെയും സൗന്ദര്യത്തോടെയും നിലനില്‍ക്കുന്നത് അവര്‍ തങ്ങളുടെ പങ്കാളിയാല്‍ ഭംഗിയായി രേഖപ്പെടുത്തപ്പെടുമ്പോഴാണ്. തങ്ങളുടെ ജീവിതത്തിന് വേണ്ടി പങ്കാളി നല്‍കുന്ന സംഭാവനകള്‍, അയാളുടെ ത്യാഗം, പരിശ്രമം എല്ലാം പരാമര്‍ശിക്കപ്പെടേണ്ടതാണ്. അതുപോലെ തന്നെ ബാഹ്യസൗന്ദര്യം, വസ്ത്രധാരണം, മറ്റ് കഴിവുകള്‍ എല്ലാം പങ്കാളി തിരിച്ചറിയുകയും പ്രശംസിക്കുകയും ചെയ്യുമ്പോഴാണ് അവയ്ക്കെല്ലാം അര്‍ത്ഥമുണ്ടാവുക. ഇത് തീര്‍ച്ചയായും ബന്ധം കൂടുതല്‍ സുദൃഢമാക്കുകയേ ഉള്ളൂ.

നാല്.

പലപ്പോഴും ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നത് വ്യക്തിപരമായ ഇടം പരസ്പരം നല്‍കാതിരിക്കുന്നതിനെ തുടര്‍ന്നാണ്. പ്രണയത്തിലായാലും ദാമ്പത്യത്തില്‍ ആയാലും വ്യക്തികളുടെ സ്വതന്ത്രമായ നിലനില്‍പ് പ്രധാനമാണ്. വ്യക്തിയായി തന്നെ എല്ലാവര്‍ക്കും നില്‍ക്കാനുള്ള സ്വാതന്ത്ര്യവും, സ്വകാര്യതയും ബന്ധങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം അത് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കാം. 

അഞ്ച്.

പ്രണയിക്കുമ്പോഴുണ്ടാകുന്ന വൈകാരികമായ 'ത്രില്‍' എപ്പോഴും ഒരുമിച്ചാകുമ്പോള്‍ ഉണ്ടാകണമെന്നില്ല. ഇക്കാര്യം പക്വതയോടെ ആദ്യമേ ഉള്‍ക്കൊള്ളുക. എങ്കിലും 'റൊമാൻസ്' പൂര്‍ണമായി അവസാനിപ്പിച്ച്, ദാമ്പത്യം ഇങ്ങനെ തന്നെയാണെന്ന് പ്രഖ്യാപിച്ച് നടക്കുന്നത് തീര്‍ത്തും ബന്ധത്തെ നശിപ്പിക്കുകയേ ഉള്ളൂ. പരസ്പരം പ്രണയം അറിയിക്കാനും അത് അനുഭവപ്പെടുത്താനും അല്‍പസമയം ഇടയ്ക്ക് കണ്ടെത്തുക. ഇത് നിര്‍ബന്ധമാണ്. ചെറിയ ഡ്രൈവിനോ, നടപ്പിനോ പോകാം. അവധി ദിവസങ്ങളില്‍ യാത്രയാകാം. പങ്കാളിക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും സമ്മാനമായി നല്‍കാം. എല്ലാത്തിനും പുറമെ പങ്കാളിയുമായി നല്ലൊരു സൗഹൃദമാണ് എപ്പോഴും വേണ്ടത്. എല്ലാം തുറന്നുപറയാനുള്ള, ഏത് രീതിയില്‍ വേണമെങ്കിലും തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. 


 

Tags