എത്ര ഒരുക്കിയാലും ഫ്രിഡ്ജ് 'മാനേജ്' ചെയ്യാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്സ്
fridge

 

വീട്ടില്‍ ഫ്രിഡ്ജുണ്ടെങ്കില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വളരെ സൗകര്യമാണ്. ഇന്ന് ഫ്രിഡ്ജില്ലാത്ത വീടുകളും വളരെ കുറവാണ്. എന്നാല്‍ എത്ര ഒരുക്കിയാലും ഫ്രിഡ്ജ് നിറയുകയും കൂടെക്കൂടെ വൃത്തിയാക്കേണ്ടി വരികയും ചെയ്യുന്നത് ഒരു തലവേദന തന്നെയാണ്. 

അടുക്കളയിലെ ഷെല്‍ഫുകളും വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരയുമെല്ലാം കൃത്യമായി ക്രമീകരിക്കുന്നത് പോലെ തന്നെ ഫ്രിഡ്ജും കൃത്യമായി ക്രമീകരിക്കാത്തത് മൂലമാണ് ഇങ്ങനെയുള്ള തലവേദനകളുണ്ടാകുന്നത്. അത്തരത്തില്‍ ഫ്രിഡ്ജ് സൗകര്യപൂര്‍വ്വം ക്രമീകരിക്കാനും ഭക്ഷണങ്ങള്‍ കേടാകാതെ സൂക്ഷിക്കാനുമുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

1.ഫ്രിഡ്ജിലെ ഏറ്റവും മുകള്‍നിലയിലുള്ള ഷെല്‍ഫ് എളുപ്പത്തില്‍ കേടാകുന്ന സാധനങ്ങള്‍ വയ്ക്കാനായി ഉപയോഗിക്കാം.  ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ലെന്ന് തോന്നുന്ന ഭക്ഷണസാധനങ്ങള്‍ ഇവിടെ വയ്ക്കാം. അപ്പോള്‍ ചീത്തയാകുന്ന ഭക്ഷണങ്ങള്‍ കൊണ്ട് ഫ്രിഡ്ജ് നിറയുന്നത് ഒഴിവാക്കാം. പെട്ടെന്ന് തന്നെ ഇവ നീക്കം ചെയ്യാനും നമുക്ക് സാധിക്കും.

2.രണ്ട് ദിവസത്തില്‍ കൂടുതല്‍ ഇരിക്കുന്നവ വയ്ക്കാന്‍ താഴെയുള്ള ഷെല്‍ഫുകള്‍ ഉപയോഗിക്കാം. പച്ചക്കറികള്‍ മുറിച്ചുവച്ചത്, പാല്‍, ജാം, മസാലകള്‍, പാലുത്പന്നങ്ങളെല്ലാം ഇവിടെയാകാം.

3.ഒരിക്കലും പച്ചക്കറി- പഴങ്ങള്‍, ഇറച്ചി- മീന്‍ എന്നിവ ഒരുമിച്ച് സൂക്ഷിക്കരുത്. ഇവ വെവ്വേറെ തന്നെ വയ്ക്കുക. എന്ന് മാത്രമല്ല, എല്ലാം വൃത്തിയായി അടച്ചുവയ്ക്കുകയും വേണം. അങ്ങനെയെങ്കില്‍ ഫ്രിഡ്ജിനകത്ത് ദുര്‍ഗന്ധം വരാതിരിക്കും. 

4.ലീക്ക് ആകുന്ന തരം ഭക്ഷണസാധനങ്ങള്‍ ഇറച്ചിയോ മീനോ പഴങ്ങളോ പച്ചക്കറികളോ എല്ലാമാകാം, ഇവ വയ്ക്കുമ്പോള്‍ ബോക്സിന് താഴെയായി കോട്ടണ്‍ തുണി വയ്ക്കാം. അല്ലെങ്കില്‍ ബോക്സിനകത്ത് തന്നെ താഴെയായി വയ്ക്കാം. അങ്ങനെയെങ്കില്‍ ഫ്രിഡ്ജ് വൃത്തികേടാകാതെയും സൂക്ഷിക്കാം. 

5.ഫ്രീസറില്‍ വയ്ക്കുന്ന ഭക്ഷണസാധനങ്ങള്‍ പ്രത്യേകിച്ച് ഇറച്ചി- മീന്‍ പോലുള്ളവ നന്നായി വൃത്തിാക്കിയ ശേഷം എയര്‍ടൈറ്റ് കണ്ടെയ്നറുകളില്‍ സൂക്ഷിക്കണം.  

6.ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ എത്ര ദിവസം കഴിഞ്ഞും ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാമെന്ന് കരുതരുത്. പാകം ചെയ്ത ഭക്ഷണമാണെങ്കില്‍ അത് കേടാകുന്ന പരമാവധി സമയം കണക്കാക്കി ബാക്കിയുള്ളത് സമയത്തിന് തന്നെ ഫ്രിഡ്ജിനകത്ത് നിന്ന് മാറ്റണം. ഒരു ഭക്ഷണസാധനങ്ങളും അടച്ചുവയ്ക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടുള്ളതല്ല. ഇത് ഫ്രിഡ്ജനകം വൃത്തിഹീനമാക്കുമെന്ന് മാത്രമല്ല ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. 


 

Share this story