വിയർപ്പ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കുന്നുണ്ടോ?

viyarpp
viyarpp

വിയര്‍ക്കുന്നത് ഒരു മോശം കാര്യമാണെന്ന സങ്കല്‍പം പൊതുവേയുള്ളതാണ്. അമിതമായി വിയര്‍ക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാം. എന്നാല്‍ വിയര്‍ത്ത് വസ്ത്രം നനയുമ്പോഴേക്ക് അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല. 

എന്നുമാത്രമല്ല, വിയര്‍ക്കുന്നതിന്‍റെ ഗുണങ്ങള്‍ അറിയാത്തതിനാലാണ് ഇത്തരത്തില്‍ വിയര്‍ക്കുന്നതില്‍ നിരാശയും ആത്മവിശ്വാസക്കുറവും നേരിടുന്നത്. അതെ, വിയര്‍ക്കുന്നത് കൊണ്ടും നമുക്ക് ചില ഉപകാരങ്ങളുണ്ട്. അവയേതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്

ശരീരത്തിന്‍റെ താപനില ക്രമീകരിച്ച്- നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ വിയര്‍ക്കുന്നതിന് വലിയ പങ്കുണ്ട്. വിയര്‍പ്പ് കുറവുള്ളവരില്‍ ശരീരത്തിന്‍റെ താപനില ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

രണ്ട്

ബാക്ടീരിയകള്‍ക്കും മറ്റ് രോഗാണുക്കള്‍ക്കുമെതിരെ ശരീരം പോരാടുന്ന ഒരു രീതി കൂടിയാണ് വിയര്‍പ്പ്. അതുപോലെ രക്തയോട്ടം കൂട്ടുന്നതിനും ഇത് സഹായകമാണ്. ഇവയെല്ലാം തന്നെ ചര്‍മ്മത്തെ 'ക്ലിയര്‍' ആക്കാനും ആരോഗ്യമുള്ളതാക്കാനുമാണ് സഹായിക്കുക. 

മൂന്ന്

ശരീരവണ്ണം കുറയുന്നതില്‍ വിയര്‍പ്പിന് വലിയ പങ്കുണ്ട്. ശരീരം വിയര്‍ക്കുന്നതിന് അനുസരിച്ച് കൊഴുപ്പ് എരിഞ്ഞുപോകുന്നു. വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ക്കുന്നത് വഴിയാണ് കാര്യമായും കൊഴുപ്പ് ഇല്ലാതായിപ്പോകുന്നത്. 

നാല്

കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് എന്ന അസുഖത്തെ കുറിച്ച് കേട്ടിട്ടില്ലേ? ഇതിനുള്ള സാധ്യത കുറയ്ക്കാൻ വിയര്‍ക്കുന്നത് സഹായിക്കും. വൃക്കയിലോ മൂത്രാശയത്തിലോ അനാവശ്യമായ പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടാതെ ഇവ വിയര്‍പ്പിലൂടെ പുറത്തുപോകുന്നതിനാലാണിത്. 

അഞ്ച്

ശരീരത്തില്‍ മറ്റ് വിഷാംശങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയാനും വിയര്‍ക്കുന്നത് സഹായിക്കും. കാരണം ശരീരത്തിന് ആവശ്യമില്ലാത്തവയെല്ലാം തന്നെ വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയുമെല്ലാം പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. 

കാര്യങ്ങളിങ്ങനെയെല്ലാമാണെങ്കിലും അസാധാരണമായി അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ അത് എന്ത് കാരണം കൊണ്ടാണെന്ന് പരിശോധിക്കണം. ചിലരുടെ ശാരീരിക സവിശേഷത തന്നെ അമിതമായി വിയര്‍ക്കുന്നതാകാം. അത്തരക്കാര്‍ അത് തങ്ങളുടെ പ്രത്യേകതയാണെന്ന് മനസിലാക്കുക. പുറത്തുപോകുമ്പോള്‍ ഡിയോഡ്രന്‍റ്സ് ഉപയോഗിക്കുന്നതും കടും നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിക്കും. എങ്കിലും വിയര്‍ക്കുന്നതിനെ ഒരു മോശം കാര്യമായി കാണാതിരിക്കുക. 


 

Tags